വിവരണം ഓര്‍മ്മചെപ്പ്


തലശ്ശേരി അണ്ടലൂർ കാവ് ഒരു ഓർമ്മ

Reporter: udayan pilathara

 

തലശ്ശേരി അണ്ടലൂർ കാവിനെ പറ്റി കേട്ടറിഞ്ഞിട്ടും വായിച്ചറിഞ്ഞിട്ടും ഉണ്ടെങ്കിലും ഉത്സവത്തിന് പോകാൻ ഈ വർഷമാണ് അപ്രതീക്ഷിതമായി സാധിച്ചത് . സുഹൃത്ത് രാധാകൃഷ്ണന്റെ ഒരു കൂട്ടുകാരൻ ബൈജു ക്ഷേത്രത്തിനടുത്ത് താമസിക്കുന്നുണ്ട്. അയാളുടെ ക്ഷണവുമുണ്ടായിരുന്നു.  
           ഏതൊരു ഉത്സവ പറമ്പിന്റെ പരിസരങ്ങളിലും വഴിവക്കിലും കാണുന്ന അരോചക കാഴ്ചകളായ, അലസമായി നടക്കുന്ന മദ്യപാനികളേയും, അവിടവിടെ വലിച്ചെറിയപ്പെട്ട മദ്യക്കുപ്പികളും ഇവിടെ കാണാൻ സാധിച്ചില്ലാന്നുള്ളത് ആദ്യം തന്നെ എടുത്തു പറയട്ടെ . വണ്ടിയിലോ ഏതെങ്കിലും മറവിലോയിരുന്ന് മദ്യപിക്കുന്നതായി കണ്ടാൽ ക്രൂര മർദ്ദനമാണത്രേ.
       എല്ലാ വർഷവും ഉത്സവത്തിന് എല്ലാ വീടുകളും പെയിന്റടിക്കും. ഇതിനായി പുറന്നാടുകളിൽ നിന്നു പോലും പെയിൻറർമാർ വരും. 
ഉത്സവം തുടങ്ങിയാൽ മത്സ്യ മാംസാദികൾ നാട്ടിലൊരു വീട്ടിലും വെയ്ക്കാറില്ലത്രേ. ഉത്സവസമാപന ദിവസം മുക്കുവർ മീനുമായി വരുന്ന ഒരു ചടങ്ങുണ്ട്. അതിന് ശേഷം മാത്രമേ നാട്ടുകാർ മീൻ കൂട്ടുകയുള്ളൂ.
       മിക്ക ക്ഷേത്രങ്ങളിലും തെയ്യക്കോലങ്ങളിൽ മിക്കതും ശൈവാംശമാണെങ്കിൽ (വിഷ്ണുമൂർത്തി പോലുള്ളവയൊഴിച്ച്) അണ്ടല്ലൂർ കാവിൽ ഓരോ തെയ്യങ്ങളും രാമായണ കഥയിലെ കഥാപാത്രങ്ങളാണ്. അതുകൊണ്ടാണ് വിശ്വകർമ്മ ക്ഷേത്രങ്ങളിൽ (പ്രത്യേകിച്ച് ആശാരികോട്ടങ്ങൾ ) മാത്രം കെട്ടിയാടിയിരുന്ന ബാലി ഇവിടെ കെട്ടിയാടുന്നത്. ഇവിടുത്തെ ബാലി സുഗ്രീവ യുദ്ധം പ്രശസ്തമാണ്. താഴേക്കാവിലേക്കുള്ള ലങ്കാ യാത്രയും യുദ്ധവിജയവും വാനരൻമാരുടെ ആഹ്ളാദ പ്രകടനവും അണ്ടലൂർ കാവിലെ തെയ്യകാഴ്ചകളാണ്.

           ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചിട്ടാണ് പോയിരുന്നതെങ്കിലും, ബൈജുവിന്റെ വീട്ടിൽ വച്ച്, ഊണ് കഴിക്കാൻ നിർബന്ധിച്ചു. എന്നിട്ട് അവൽ തിന്നാമെന്നും പറഞ്ഞു. എത്തിയ പാടെ വത്തക്ക കഷ്ണം തന്നിരുന്നു. ഇനിയൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും അവൽ കഴിക്കാതെ പോകാൻ പാടില്ലെന്ന് പറഞ്ഞു. അതാണത്രേ അവിടുത്തെ രീതി. ആരു ചെന്നാലും ഏത് വീട്ടിലും അവൽ കിട്ടും.  ഉത്സവ ദിവസങ്ങളിൽ വീടുകളിൽ മിക്ക ദിവസവും ഇത് മാത്രമായിരിക്കുമത്രേ ഭക്ഷണം.


      നെല്ല് വറുത്ത് ഓരോ വീട്ടുകാരും സ്വന്തമായി ഉണ്ടാക്കുന്ന മലർപ്പൊരിയാണ് അവലിന്റെ കൂടെ ചേർക്കുന്നത്.ഇതിനായി ടൺ കണക്കിന് നെല്ല് ഉത്സവത്തിന് മുന്നോടിയായി അണ്ടലൂരേക്ക് കൊണ്ടു വരുമത്രേ.കൂടാതെ ചെറുപഴം ,നെയ്യ് പഞ്ചസാര, ചുരണ്ടിയ തേങ്ങ. ഇവയൊക്കെ ഞങ്ങൾക്ക് ഒരു പാത്രത്തിൽ വെവ്വേറെ തന്നു. ഓരോരുത്തരുടെ സൗകര്യം പോലെ കുഴച്ച് തിന്നാം. അതീവ രുചികരമായ സാധനം.  ഇത് ആർക്കും ഏത് വീട്ടിൽ ചെന്നാലും കിട്ടുമത്രേ.


      അണ്ടല്ലർ കാവിനെ പറ്റി ഇത്ര മാത്രമെങ്കിലും കുറിക്കാതെ പോകരുതെന്ന് തോന്നിയതുകൊണ്ടാണ്

Udayan Pilathara

ഇവിടെ എല്ലാവീടും അമ്പലമാണെന്ന സകൽപ്പം ആണ് . പ്രസാദം വീട്ടിൽ തന്നെ ഉണ്ടാക്കും
loading...