വാര്‍ത്താ വിവരണം

ജാഗ്രതൈ

23 May 2018
Reporter: ഡോ. പി. എം. മധു

മുനിസിപ്പാലിറ്റി ഓഫീസിനടുത്ത് ഒരു അഴുക്കു തോട് ഉണ്ടായിരുന്നു... ഒഴുക്ക് തീരെ കുറവാണ്.എല്ലാ വർഷ കാലത്തും അതു നിറഞ്ഞ് ദുർഗന്ധം വമിക്കുകയും കൊതുകു വളർത്തു കേന്ദ്രമാവുകയും ചെയ്യും. അടുത്തുള്ള മാളങ്ങൾ എലികളുടെ സുഖവാസസ്ഥലങ്ങളായിരുന്നു. ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ പടർന്നു പിടിക്കുമ്പോൾ എല്ലാവരുമതിനെ കുറ്റം പറയും. വർഷാവർഷം കൊണ്ടാടാറുള്ള ശുചീകരണാഘോഷക്കാർക്ക് ഇഷ്ടപ്പെട്ട ഒരു സെന്ററായിരുന്നു അത്. എൻ.എസ്.എസ്.. ശുചീകരണ ദശദിനങ്ങളിലും ഗാന്ധിജയന്തി വാരങ്ങളിലും ആ തോടിനെ ചുറ്റിപ്പറ്റി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. എന്നിട്ടും  മഴക്കാലം വന്നാൽ തോട് പഴയപടിയാവും... പിന്നെയും എല്ലാവർക്കും കിട്ടും അവസരം.

ഈയടുത്ത കാലത്ത് അവിടെയടുത്ത് പെട്ടിക്കട നടത്തിയിരുന്ന കുഞ്ഞമ്പുവേട്ടനാണ് ഒന്നു മാറി ചിന്തിച്ചത്.  തോടിന്റെ കരയിലൂടെ മൂപ്പര് കുറേ ദൂരം നടന്നു നോക്കി. ബാവ ഹാജിയുടെ തെങ്ങിൻ തോപ്പിനു നടുവിലൂടെയാണത് പുഴയിലേക്ക് ചേരുന്നത്. ആ ചാലിൽ നിറയെ ചകിരി നിറഞ്ഞ് ബ്ലോക്കായി കിടപ്പാണ്. അതു കൊണ്ടാണ് എത്ര വൃത്തിയാക്കിയിട്ടും മുനിസിപ്പൽ തോട് തെളിയാത്തത്.

രണ്ടു മൂന്നു സുഹൃത്തുക്കളെയും കൂട്ടി കുഞ്ഞമ്പുവേട്ടൻ അന്ന് ആ ചാലിലെ ചകിരി കോരിമാറ്റി വൃത്തിയാക്കി. മെല്ലെ തോട്ടിൽ ഒഴുക്ക് ശരിയായി... വെള്ളം തെളിഞ്ഞു.... പിന്നീട് ആ തോടുമായി ബന്ധപ്പെട്ട് മാലിന്യ പ്രശ്നങ്ങളൊന്നും കേട്ടിട്ടില്ല. എന്നാലും മഴക്കാലം തുടങ്ങും മുമ്പ് കുഞ്ഞമ്പുവേട്ടൻ തോടിന്റെ അങ്ങേക്കരയിലെ ചാല് വൃത്തിയാക്കി വെക്കും..... അതൊരു കരുതലാണ്..തോട് ഒഴുകുമെന്ന് ഉറപ്പിക്കാൻ..

ഇപ്പോൾ ഞാനിത് ഓർത്തെടുക്കാൻ കാരണം വേറൊന്നുമല്ല.. 'നിപ' യുടെ കോലാഹലത്തിൽ നാടു മുഴുവൻ ഭീതിയിലാണ്ടിരിക്കുമ്പോൾ മറക്കാൻ പാടില്ലാത്ത ചിലത് ഓർമ്മിപ്പിക്കാനാണ് ....
ചകിരി കോരിക്കളഞ്ഞ് ഒഴുക്ക് ഉറപ്പാക്കാനുള്ള സമയമാണിത്. പുറത്തു മാത്രമല്ല..., നമ്മുടെയെല്ലാം ശരീരത്തിനകത്തും.
പല വിധ ദഹന വൈകല്യങ്ങൾ കൊണ്ട് പല തലങ്ങളിലായി ദേഹത്തിലടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളെ കൃത്യമായി പുറന്തള്ളാൻ സാധിച്ചാൽ നമ്മുടെ സ്വാഭാവിക പ്രതിരോധശേഷി ഒരു പരിധി വരെ ഊർജ്ജസ്വലമാവുകയും മഴക്കാലത്ത് പെരുകുന്ന രോഗാണുക്കൾക്കെതിരെ പൊരുതാനുള്ള ശക്തി നേടുകയും ചെയ്യും.. സ്വാഭാവികമായ മലമൂത്ര വിസർജ്ജനങ്ങൾക്കുപരി ജൈവഔഷധങ്ങളുപയോഗിച്ചുള്ള ശരീരശുദ്ധീകരണമാണ് ഈ ഘട്ടത്തിൽ ഏറ്റവും നല്ലത്. ഓരോരുത്തർക്കും അനുയോജ്യമായ ശുദ്ധീകരണ ഔഷധങ്ങൾ ഗവ. ആയുർവേദ ആശുപത്രികളിൽ സൗജന്യമായി വിതരണം ചെയ്തു വരുന്നുണ്ട്.
കൊതുകും എലിയും ഈച്ചയും വവ്വാലുമൊക്കെ രോഗവാഹകരെന്ന നിലയിൽ ഇക്കാലത്ത് നിയന്ത്രിക്കപ്പെടേണ്ടവ തന്നെയാണെങ്കിലും വ്യക്തി ശുചിത്വം, ആന്തരിക ശുദ്ധി, പ്രതിരോധ ശാക്തീകരണം എന്നിവ കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗാണു വളരെ ശക്തനാണെങ്കിൽ ചിലപ്പോൾ നമ്മുടെ സ്വന്തം പ്രതിരോധശേഷിക്ക് അതിനെ ചെറുത്തു തോല്പിക്കാനായില്ലെന്നു വരാം. അവിടെയാണ് മരുന്നിന്റെ സ്ഥാനം.. വീര്യം കൂടിയ ഇംഗ്ലീഷ് മരുന്നുകൾ പോലും ചിലപ്പോൾ വേണ്ടിവന്നേക്കാം... ഒരു രാജ്യത്തിന്റെ പ്രതിരോധ സന്നാഹങ്ങളിൽ വ്യത്യസ്ത ആയുധക്കോപ്പുകളുണ്ടാവാമെന്നു പറയും പോലെയാണിത്. ശത്രുവിന്റെ തരമനുസരിച്ച് നമ്മളും സജ്ജരാവണം... എന്നു വെച്ച് എപ്പൊഴും ബ്രഹ്മാസ്ത്രം തന്നെയെടുത്തുപയോഗിക്കരുതല്ലോ. നമുക്ക് ജാഗരൂകരായിരിക്കാം. ജാഗ്രത പാലിക്കാൻ കൂടെയുള്ള ഓരോരുത്തർക്കും നിർദ്ദേശം നൽകുകയും ചെയ്യാം. ഒപ്പം ശ്രദ്ധിക്കേണ്ട വേറൊരു വിഷയം കൂടെയുണ്ട് ... വൈറസ്സില്ല, കൊതുകില്ല, എല്ലാം മാധ്യമ സിന്റിക്കേറ്റാണെന്നു യൂട്യൂബാക്കുന്ന തീവ്ര ജൈവ പ്രസ്ഥാനക്കാരും മരുന്നു കച്ചവടക്കാരുടെ പിണിയാളുകളായി രോഗികളെ അനാവശ്യമരുന്നുകൾ തീറ്റിച്ച്
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റൊരു കൂട്ടരും.... അവരെക്കരുതി ഒന്നുകൂടി ജാഗ്രതൈ....

 ലേഖകൻ : ഡോ. പി. എം. മധു
ഗവ.ആയുർവേദ കോളേജ്, പരിയാരം കണ്ണൂർ .Tags:
loading...