വാര്‍ത്താ വിവരണം

വില്ലേജ് റോക്ക്സ്റ്റാർ

9 June 2018
Reporter: ശരണ്യ എം ചാരു

സിനിമയിലെ പെണ്ണിടങ്ങൾ.

ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു സിനിമ ചെയ്യുന്നു. അഞ്ച് വർഷത്തോളം ആ സിനിമയ്ക്ക് വേണ്ടി, അതിനു പിന്നിൽ ജീവിക്കുന്നു. സ്വപ്നങ്ങളിൽ നിന്നും യാഥാർഥ്യത്തിലേക്ക്, കാഴ്ചയുടെ ഉത്സവത്തിലേക്ക് അത് ചെന്നെത്തുന്നു. നിരന്തരമായ അംഗീകാരങ്ങളും അവാർഡുകളും അതിന് ലഭിക്കുന്നു. അതൊരു സ്ത്രീയുടെ വിജയമാണ്. മറ്റ് ഒരുപാട് പേർക്ക് പ്രചോദനവും വഴികാട്ടിയും ആയേക്കാവുന്ന വിജയം. ലോകത്തിൽ ആണിടങ്ങൾക്ക് മാത്രമല്ല സ്ഥാനമെന്നും, തനിക്കും തന്നിടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും തെളിയിക്കുന്നുണ്ട് വില്ലേജ് റോക്ക് സ്റ്റാറിന്റെ വിജയം.

കഥ പറയുക, അത് കേൾവിക്കാരനിൽ ആസ്വാദനത്തിനൊപ്പം ദൃശ്യമായി ആവിഷ്ക്കരിക്കുക, അഭിനയിക്കാൻ മുംബൈയിൽ എത്തിയ റിമാ ദാസ് എഴുത്തുകാരിയും, ക്യാമറാ ഓപ്പറേറ്ററും എഡിറ്ററും ആകുന്നത് തനിക്ക് മുന്നിൽ തുറന്ന സിനിമയുടെ വാതായനങ്ങളിലൂടെ തൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞപ്പോൾ ആണ്. കണ്ടംപററി ഇന്ത്യൻ സിനിമയിൽ ഇന്നവർക്ക്, അവരുടെ സിനിമകൾക്ക് മുൻ നിരയിൽ സ്ഥാനമുണ്ട്.

പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവിത വിജയം നേടുന്ന പത്ത്‌ വയസ്സുകാരിയുടെ കഥ പറയുന്ന സിനിമയ്ക്ക് ജന മനസ്സിൽ മികച്ച ഇടം ലഭിച്ചു. അവളുടെ പോരാട്ടങ്ങൾ, ആസന്ന യാഥാർഥ്യങ്ങൾ, ഗിറ്റാറിനോടുള്ള പ്രണയം, റോക്ക് ബാന്റ് ആരംഭിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും അതിന് തടസ്സമാകുന്ന വാർപ്പ് മാതൃകയും ദാരിദ്ര്യവും ഒക്കെ സിനിമ ചർച്ച ചെയ്യുന്നു. ആണിടങ്ങളും പെണ്ണിടങ്ങളുമുള്ള ലോകത്തിൽ തന്റെതായ ഇടങ്ങൾ ഉണ്ടാക്കുവാനുള്ള നിരന്തര പോരാട്ടങ്ങളുടെ വിജയ കഥ കൂടിയാണ് വില്ലേജ് റോക്ക് സ്റ്റാറിന്റെ വിഷയം.

'വില്ലേജ് റോക്ക് സ്റ്റാർ' എന്ന ഒറ്റ സിനിമയിലൂടെ  നിരവധി അവാർഡുകൾ അവരെ തേടിയെത്തി. കഥ പറച്ചിലിലെ സ്വാഭാവികതയും, സ്വീകാര്യതയും മാത്രമല്ല അവരുടെ സിനിമക്ക് വ്യത്യസ്തമാക്കുന്നത്. മറിച്ച് തന്റെ ഗ്രാമത്തെയും ദേശത്തെയും കുറിച്ചുള്ള സിനിമകളിൽ അവരാവിഷ്ക്കരിച്ചത് സ്വാഭാവികമായ ജീവിതം തന്നെ ആയിരുന്നു.
 Tags: