കല്യാശ്ശേരി വാര്‍ത്താ വിവരണം

ഏഴിലോട്- പുതിയ പുഴക്കര റോഡ് പ്രവൃത്തി ഒന്നാം ഘട്ട ടാറിംഗ് സെപ്തംബർ 15 ന് പൂർത്തികരിക്കും

10 September 2021
Reporter: pilathara dot com

ഏഴിലോട്- കുഞ്ഞിമംഗലം പുതിയ പുഴക്കര റോഡ്  ഒന്നാംഘട്ട ടാറിംഗ് പ്രവൃത്തി സെപ്തംബർ15 ന് പൂർത്തികരിക്കുന്നതിന് തീരുമാനിച്ചു. എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 17 കോടി രൂപയാണ് അനുവദിച്ചത്.

കരാറുകാരൻ അസുഖബാധിതനായി മരണപ്പെട്ടതാണ് പ്രവൃത്തി വൈകാൻ കാരണമായത്. പ്രവൃത്തി നീണ്ടുപോകുന്നത് പൊതുജനങ്ങൾക്കും വാഹനയാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേരള റോഡ് ഫണ്ട് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടിയന്തിര യോഗം ചേർന്നത്. കരാറുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടതിനാൽ സാങ്കേതികമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചാണ്   പ്രവൃത്തി ബുധനാഴ്ച മുതൽ ആരംഭിക്കുക. സെപ്തം 15 നകം ഏഴിലോട് മുതൽ കുഞ്ഞിമംഗലം റയിൽവേ സ്റ്റേഷൻ വരെ ഒന്നാം ഘട്ട ടാറിംഗ്‌ പ്രവൃത്തി പൂർത്തികരിക്കും. ഇതോടൊപ്പം സൈക്കിൾ ട്രാക്ക് നിർമ്മാണം, ഏഴിലോട് ഓട്ടോ  പാർക്കിംഗ്‌ബേ , 150 മീറ്റർ നീളത്തിൽ വാഹന പാർക്കിംഗ്‌ സൗകര്യം, അണ്ടാംകൊവ്വൽ ടൗൺ സൗന്ദര്യവത്കരണവും, സ്റ്റേജ് നിർമ്മാണവും എന്നീ പ്രവൃത്തികളും അനുബന്ധമായി നടത്തും. റെയിൽവേ ഗേറ്റ് മുതൽ ബാക്കി വരുന്ന പുതിയ പുഴക്കര  കാരന്താട്  ഭാഗത്തേക്കുള്ള ജോലികൾ ഉടൻ ആരംഭിക്കുന്നതിനും എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. റോഡിന് ആവശ്യമായ സ്ഥലം  സമയ ബന്ധിതമായി ലഭ്യമാക്കുന്നതിന് രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻ്റുമാരെ ചുമതലപ്പെടുത്തി.


യോഗത്തിൽ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ,  ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ദീപു,  കെ.വി വാസു, എൻ വി സജിനി,കേരള റോഡ് ഫണ്ട് ബോർഡ്  എക്സിക്യുട്ടീവ് എഞ്ചിനിയർ എം.ബിന്ദു, അസി.എക്സി എഞ്ചിനിയർ കെ.വി. മനോജ് കുമാർ , അസിസ്റ്റൻറ് എഞ്ചിനിയർ കെ. ജയദീപ് കുമാർ , കോൺട്രാക്ടർ പ്രതിനിധി സി മുഹമ്മദ്, പ്രൊജക്ട് എഞ്ചിനിയർ പി.ടി. രത്നാകരൻ, ഭരതൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.



loading...