വാര്‍ത്താ വിവരണം

പാലം കടന്നാൽ നാരായണ!!! കാനം വയൽ പാലം കടന്നതാര് ?

20 August 2020

അനുവദിച്ചത് ഒന്നര കോടി രൂപ: 6 വർഷം കൊണ്ട് പൂർത്തിയായത് 2 തൂണുകൾ !

ചെറുപുഴ∙ പാലം നിർമിക്കാൻ പണം അനുവദിച്ചിട്ടു 6 വർഷം ഇതുവരെ പൂർത്തിയായത് 2 തൂണുകൾ മാത്രം. ചെറുപുഴ പഞ്ചായത്തിലെ കാനം വയൽ പട്ടികവർഗ കോളനിയിലേക്കുള്ള പാലത്തിനാണ് ഈ ദുർഗതി. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണു പാലം പണിയുന്നതിനു ഒന്നര കോടി രൂപ അനുവദിച്ചത്. അന്ന് മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയാണ് തുക അനുവദിച്ചത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോഷി ജോസ് മുൻകൈയെടുത്താണു തേജസ്വിനിപ്പുഴയുടെ കാനം വയലിൽ പാലം പണിയാനുള്ള അനുമതി നേടിയെടുത്തത്.2014 മേയ് 31ന് കോളനിയിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു മന്ത്രി പാലം പണിയാൻ തുക അനുവദിച്ചു പ്രഖ്യാപനം നടത്തിയത്.

മഴക്കാലമായാൽ കോളനിയിൽ നിന്നുള്ളവർക്കു പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം പുഴയ്ക്കു കുറുകെ നിർമിച്ച മുളപ്പാലം മാത്രമാണ്. എന്നാൽ ഓരോ മഴക്കാലം കഴിയുമ്പോഴേക്കും വൻതുക ചെലവഴിച്ചു നിർമിക്കുന്ന മുളപ്പാലം തകർന്ന നിലയിലായിരിക്കും. ഇതിനു ശാശ്വതപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണു കോളനി നിവാസികൾ തങ്ങളുടെ ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

ഇവരുടെ ദുരിതയാത്ര കേട്ടറിഞ്ഞ മന്ത്രി പാലം പണിയാൻ തുക അനുവദിക്കുകയായിരുന്നു.എന്നാൽ പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ തുക വർധിച്ചു. ഒന്നര കോടി രൂപ കൊണ്ടു പാലം നിർമിക്കാൻ സാധിക്കില്ലെന്ന സ്ഥിതി വന്നതോടെ നിർമാണം നിലച്ചു. പിന്നീട് ഓരോ കാരണങ്ങളാൽ പാലം നിർമാണം നീണ്ടു പോയി. ഏറ്റവും ഒടുവിൽ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയാണ് പാലംപണി പുന:രാരംഭിച്ചത്. പുഴയുടെ ഇരുവശങ്ങളിലുമായി 2 തൂണുകളുടെ നിർമാണം പൂർത്തിയായപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി.

ഇതോടെ നിർമാണം താൽക്കാലികമായി നിർത്തിവച്ചു. തുടർന്നു പാലം നിർമിക്കുന്ന സ്ഥലത്തെ ചൊല്ലി തർക്കം ഉയരുകയും, ഇതു സംബന്ധിച്ചു അധികൃതർക്കു പരാതി നൽകുകയും ചെയ്തതോടെ പാലത്തിന്റെ നിർമാണം വീണ്ടും നിലച്ചു. പരിശോധനയ്ക്കു ഒടുവിൽ പാലം പണി പുനരാരംഭിക്കുന്നതിനു അനുമതി ലഭിച്ചു.

വീണ്ടും മഴക്കാലം തുടങ്ങിയതിനാൽ നിർമാണം തുടരാനാവാത്ത സ്ഥിതിയായി. ഇനി തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ അടുത്ത മഴക്കാലത്തിനു മുൻപ് പാലം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു കോളനി നിവാസികൾ.

 

courtesy : manoramaonline





2019 വർഷ പ്രളയത്തിൽ കാനംവയൽ ഇടക്കോളനിയിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് റോപ്പ് വേയിലൂടെ നിത്യോപയോഗസാധനങ്ങളും ഭക്ഷണവുമെത്തിക്കുന്ന പിലാത്തറ ഡോട്ട് കോം, ബി ഡി കെ പ്രവർത്തകർ

whatsapp
Tags:
loading...