വാര്‍ത്താ വിവരണം

ദയാനന്ദ ഫലവൃക്ഷോദ്യാനപദ്ധതിക്ക് പിലാത്തറയിൽ തുടക്കമായി 

14 November 2020
Reporter: pilathara dot com

കശ്യപ വേദ റിസർച് ഫൌണ്ടേഷൻ , നൈട്രോ ഗ്രോ കൾട്ടിവേഷനുമായി ചേർന്നു വീടുകളിൽ ഫലവൃക്ഷ തൈ നട്ടുപരിപാലിക്കുന്ന പദ്ധതിക്ക് പിലാത്തറയിൽ  തുടക്കം കുറിച്ചു.   ഫാമിയോക്കാർട്ട് പ്രതിനിധി ഷനിൽ ചെറുതാഴം അധ്യക്ഷനായ ചടങ്ങിൽ കശ്യപ വേദ പഠിതാവ് റോഷിത് സ്വാഗതവും ,ഡോക്ടർ തമ്പുരാൻ ഉത്ഘാടനം ചെയ്തു .  നിഷാന്ത് പി പി ആശംസയും, ദിനരാജ് നന്ദി അർപ്പിച്ചു സംസാരിച്ചു .

കശ്യപ വേദ റിസർച് ഫൌണ്ടേഷൻ പിലാത്തറ ഗണത്തിലെ അംഗങ്ങൾ 50 വീടുകൾ സന്ദർശിച്ചു റെഡ് ലേഡി പപ്പായ ആദ്യ പരിപാലന രീതി പ്രകാരം  നട്ടു കൊടുത്ത പരിപാടി  വ്യത്യസ്തത പുലർത്തി. 


'കവിയായി കൃഷി ചെയ്യൂ'- ഋഗ്വേദം

നാമിന്ന് വിഷമയമായ അന്നം കഴിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന അവസ്ഥയിലാണ് ഉള്ളതെന്ന് അറിയാമല്ലോ. തങ്ങളുടെ ലാഭത്തിനായി നാമുള്‍പ്പെടുന്ന സമൂഹത്തിന്റെ ആരോഗ്യത്തെ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ് ചിലര്‍. എന്നാല്‍ നമ്മുടെ പ്രാചീനഗ്രന്ഥങ്ങളായ വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത് കൃഷിയെ ഒരു കവിതയായും കൃഷിക്കാരനെ ഒരു കവിയായും കാണണമെന്നാണ്. അന്നത്തിന്റെ മഹത്വത്തെക്കുറിച്ചും വേദങ്ങളില്‍ ധാരാളം ഇടങ്ങളില്‍ വര്‍ണിച്ചിട്ടുണ്ട്. വേദങ്ങളിലെ ഈ ആശയങ്ങളെ ഞങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയ, ഞങ്ങളുടെ ഗുരുനാഥനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ആചാര്യശ്രീ രാജേഷ് പഠിപ്പിക്കുന്നത് വേദങ്ങളിലെ ഈ അന്നസങ്കല്പത്തെ ജീവിതത്തില്‍ കൊണ്ടുവരാനാണ്. അതിനുള്ള മാറ്റം നമ്മുടെ വീടുകളില്‍നിന്നും തുടങ്ങണം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിനായി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നമ്മുടെ കുട്ടികളില്‍ കൃഷിയോട് സ്‌നേഹവും പരിചയവും ഉണ്ടാക്കിയെടുക്കാന്‍ ഈ ഒരു ഉദ്യമംകൊണ്ട് സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ സ്മരണാര്‍ഥമാണ് ഇന്നത്തെ ദിനംതന്നെ ഇത്തരമൊരു ഉദ്യമത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ആരാണ് മഹര്‍ഷി ദയാനന്ദ സരസ്വതി?

''നിസ്സഹായതയുടെ ചതുപ്പുനിലങ്ങളിലേക്ക് വീണുപോകുന്നതില്‍നിന്നും ഭാരതത്തെ രക്ഷിച്ചത് സ്വാമി ദയാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു യഥാര്‍ഥത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അടിത്തറയിട്ടത്. പില്‍ക്കാലത്ത് ഗാന്ധിജി അനുവര്‍ത്തിച്ച തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് വിത്തുവിതച്ചതും... അദ്ദേഹമായിരുന്നു''. മഹര്‍ഷി ദയാനന്ദ സരസ്വതി (1824-1883) യെക്കുറിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പറഞ്ഞ വാക്കുകളാണിവ. 19-ാം നൂറ്റാണ്ടില്‍ ജീവിച്ച അസാമാന്യ വേദപണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു മഹര്‍ഷി ദയാനന്ദ സരസ്വതി. ദാരിദ്ര്യം, ജാതീയത, അന്ധവിശ്വാസങ്ങള്‍ തുടങ്ങി ഭാരതസമൂഹം ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂലകാരണം വേദങ്ങളിലെ അറിവിനെ കൈവിട്ടതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനാല്‍ 'വേദങ്ങളിലേക്ക് മടങ്ങൂ' എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്വതന്ത്രരല്ലാത്ത ജനതയ്ക്ക് ഇതിന് സാധിക്കില്ല എന്ന് മനസ്സിലാക്കിയ മഹര്‍ഷി ദയാനന്ദനാണ് ആദ്യമായി, 'ഭാരതം ഭാരതീയര്‍ക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് 'സ്വരാജ്' സങ്കല്പത്തെ മുന്നോട്ടുവെച്ചത് എന്ന് ആനി ബസന്റിനെപ്പോലുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ പിന്നീട് സ്മരിക്കുകയുണ്ടായി. പില്‍കാലത്ത് ബാലഗംഗാധരതിലകനും ഗാന്ധിജിക്കുമെല്ലാം പ്രേരണയേകിയ ഈ ആശയമാണ് ഭാരതത്തിന് സ്വാതന്ത്ര്യംപോലും നേടിത്തന്നത് എന്നതിനാലാണ് പട്ടാഭി സീതാരാമയ്യയെപ്പോലുള്ളവര്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയെ 'രാഷ്ട്രപിതാമഹന്‍' എന്ന് വാഴ്ത്തിയത്. ഭഗത്സിംഗ്, ലാലാ ലജ്പത് റായ്, സുഖ്‌ദേവ്, സ്വാമി ശ്രദ്ധാനന്ദന്‍, രാം പ്രസാദ് ബിസ്മില്‍ തുടങ്ങി രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് പ്രചോദനമായത് അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. ഒരിക്കലും മരിക്കാത്ത ആദര്‍ശങ്ങളെ ഭാരതസമൂഹത്തിലേക്ക് പകര്‍ന്നുനല്‍കിക്കൊണ്ട് ആ മഹാത്മാവ് 1883ലെ ദീപാവലി ദിനത്തില്‍ ജീവത്യാഗം ചെയ്തു. അദ്ദേഹത്തിന്റെ സ്മരണദിനമാണ് ഇന്ന്.

ഏവർക്കും ദീപാവലി ആശംസകൾ ...
www.pilathara.com 





കശ്യപ വേദ റിസർച് ഫൌണ്ടേഷൻ പിലാത്തറ ഗണത്തിലെ അംഗങ്ങൾ 50 വീടുകൾ സന്ദർശിച്ചു റെഡ് ലേഡി പപ്പായ ആദ്യ പരിപാലന രീതി പ്രകാരം  നട്ടു കൊടുത്ത പരിപാടി  വ്യത്യസ്തത പുലർത്തി. 

whatsapp
Tags:
loading...