വാര്‍ത്താ വിവരണം

കുപ്രസിദ്ധ മോഷ്ടാക്കള്‍ പിലാത്തറയിൽ നിന്ന് പിടിയിലായി

17 October 2023
Reporter: pilathara.com
ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെ രഹസ്യവിവരത്തെ തുടര്‍ന്നാണ് പിലാത്തറയില്‍ വെച്ച് പിടികൂടിയത്.

പരിയാരം: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് ഇന്നലെ പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ്റ്റാന്റില്‍ നിന്ന് പിടികൂടിയത്. പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് പഴയങ്ങാടി സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നികേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിലാത്തറയില്‍ വെച്ച് ഇവരെ പിടികൂടിയത്.
 

സപ്തംബര്‍ നാലിന് ഏമ്പേറ്റില്‍ നിന്ന് ബസില്‍ കയറി മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരന്റെ എട്ടായിരം രൂപ പോക്കറ്റടിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ബസുകളിൽ കയറി കൃതിമ തിരക്കുണ്ടാക്കി യാത്രക്കാരുടെ പേഴ്സും, പണവും മോഷ്ടിക്കുയാണ് സിദ്ധിക്കിൻ്റേയും സംഘത്തിൻ്റേയും മോഷണ ഇപ്പോഴത്തെ രീതി. ഇതിനിരയാകുന്നത് പലപ്പോഴും പാവപ്പെട്ട സാധാരണക്കാരാണ്.

സിദ്ധിക്കിൻ്റെ പേരിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. ഇയാൾ തളിപ്പറമ്പ് സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ക്വാർട്ടേഴ്സുകളിൽ താമസിച്ച് കവർച്ച നടത്തുകയാണ് പതിവ് രീതി. ഇയാളോടൊപ്പം പിടിയിലായ രഞ്ജിത്തും വിവിധ കേസുകളിൽ പ്രതിയാണ്. ഇരുവർക്കുമെതിരെ കണ്ണൂർ ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിലായി നിരവധി മോഷണകേസുകൾ നിലവിലുണ്ട്. കണ്ണൂരിലെ ഒരു കഞ്ചാവ് കേസിൽ പ്രതിയായതിനാൽ രഞ്ജിത്തിനെ ടൗൺ പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ സിദ്ദിക്കിനെ റിമാൻഡ് ചെയ്തു. സംഘത്തിൽ എസ് ഐ സഞ്ചയ് കുമാറിനോടൊപ്പം സ്പെഷൽ ബ്രാഞ്ച് എഎസ്ഐ നികേഷ്, സ്ക്വാഡ് അംഗങ്ങളായ നൗഫൽ, അഷറഫ് എന്നിവർ ഉണ്ടായിരുന്നു.



whatsapp
Tags:
loading...