കളിയാട്ടം


കടാങ്കോട്ട് മാക്കവും മക്കളും


2020  മാക്കം തെയ്യം ഫെബ്രുവരി 22 ,23 നു 

Date according to Malayalam Calendar: 10 to 11 of Malayalam month of Kumbham

വടക്കെ മലബാറിലെ പ്രസിദ്ധമായ 'കടാങ്കോട്' എന്ന  തറവാട്ടില്‍ പന്ത്രണ്ട് ആങ്ങളമാരുടെ ഏക സഹോദരി മാക്കം സുന്ദരിയും സുശീലയും സമര്‍ത്ഥയുമായിരുന്നു.

Theyyam : Maakkam, Makkal (Chathu and Cheeru), Maavilaan

കുഞ്ഞിമംഗലം കടാങ്കോട്ട് നായര്‍ തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം. കോലത്തിരി രാജാവിൻ്റെ  പട നായകരായ 12 സഹോദരന്മാര്ക്കിടയില്‍ ഏക പെണ്തരി. 12 ആണ്‍ മക്കൾക്കും ശേഷം ഒരു പാട് പ്രാര്ത്ഥംനകളും വഴിപാടുകളും നടത്തി കിട്ടിയ അതീവ തേജസ്സോടു കൂടി ജനിച്ച മകളാണ് മാക്കം. 12 ആങ്ങിളമാരുടെ കണ്ണിലുണ്ണിയായി അവള്‍ വളര്ന്നു . മച്ചുനനായ കുട്ടി നമ്പറുമായുള്ള വിവാഹത്തില്‍ മാക്കത്തിന് ഇരട്ടക്കുട്ടികള്‍- ചാത്തുവും ചീരുവും.  മരുമക്കത്തായ സമ്പ്രദായപ്രകാരം മാക്കത്തെ അവര്‍ തറവാട്ടില്‍ തന്നെ താമസിപ്പിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇത് നാത്തൂന്മാരര്ക്ക് ഇഷ്ടമാകുന്നില്ല. അവര്‍ പലപ്പോഴായി മാക്കത്തെ പല തരത്തില്‍ കുറ്റപ്പെടുത്തി പറഞ്ഞുവെങ്കിലും ആങ്ങിളമാര്‍ അതൊന്നും ചെവിക്കൊള്ളാന്‍ പോയില്ല. തങ്ങളുടെ ഭര്ത്താലക്കന്മാര്ക്ക് മാക്കത്തോടുള്ള അമിത വത്സല്യത്തില്‍ അസൂയാലുക്കളായ നാത്തൂന്മാര്‍ (സഹോദര ഭാര്യമാര്‍) മാക്കത്തെ ചതിയിൽപെടുത്താൻ  തീരുമാനിക്കുന്നു.

ആയിടക്കാണ് കോലത്തിരിയുടെ ആജ്ഞ പ്രകാരം ആങ്ങളമാര്ക്ക്ു പടക്ക് പോകേണ്ടി വന്നത്. ഈ തക്കം നോക്കി നാത്തൂന്‍മാര്‍ കരുക്കള്‍ നീക്കി. എന്നും വീട്ടിലേക്ക് എണ്ണയുമായി വരുന്ന വാണിയനെയും മാക്കത്തെയും ചേര്ത്ത് അവര്‍ അപവാദ കഥകള്‍ പറഞ്ഞുണ്ടാക്കി. മാക്കത്തിൻ്റെ  ആങ്ങിളമാര്‍ പോര് കഴിഞ്ഞു തിരിച്ചു വരുന്ന സമയവും വാണിയന്‍ എണ്ണയും കൊണ്ട് വന്ന സമയം ഒന്നായിരുന്നു. ആ തക്കം നോക്കി അവര്‍ മാറി നിന്നു. ആരും എണ്ണ വാങ്ങാന്‍ ഇല്ലാതെ വന്നപ്പോള്‍ ഋതുവായി മുറിക്കുള്ളില്‍ ഇരിക്കുന്ന മാക്കം വാണിയനോടു എണ്ണ അകത്ത് പടിഞ്ഞാറ്റയില്‍ വെച്ചോളാന്‍ പറഞ്ഞു. എണ്ണ അകത്തു വെച്ച് വാണിയന്‍ പുറത്ത് ഇറങ്ങുമ്പോഴേക്കും ഭര്ത്താ ക്കന്മാരെയും കൂട്ടി നാത്തൂന്മാര്‍ അവിടെ എത്തിയിരുന്നു.

അങ്ങിനെ പടയ്ക്കുപോയി തിരിച്ചെത്തുന്ന ഭര്ത്താക്കന്മാരോട് മാക്കം പിഴച്ചതായി ആരോപണം ഉന്നയിക്കുകയാണ് നാത്തൂന്മാര്‍. അവരുടെ ദ്വയാര്ത്ഥോത്തോട് കൂടിയുള്ള ചിരി ആങ്ങിള മാരുടെ ദ്വേഷ്യം പിടിപ്പിച്ചു. ഭാര്യയുടെ വാക്കില്‍ എല്ലാം മറന്നുപോയവര്‍ മാക്കത്തെ കൊല്ലാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അതിനു കൂട്ടു നില്ക്കാന്‍ ഇളയ ആങ്ങിളയും ഭാര്യയും നില്ക്കാുതെ വീട് വിട്ടിറങ്ങി പോവുന്നു. കോട്ടയം വിളക്കുകാണാനെന്നും പറഞ്ഞ് മാക്കത്തെയും മക്കളെയും കൂട്ടി 11 ആങ്ങളമാരും യാത്രയാകുന്നു. അവരുടെ ദുരുദ്ദേശം മാക്കത്തിന് മനസ്സിലായി കുളിച്ചു തൻ്റെ  കുടുംബദേവതയായ വീര ചാമുണ്ടിയുടെ കൊട്ടിലകത്ത് കയറി വിളക്ക് വെച്ച് തൻ്റെ  നിരപരാധിത്വം മാലോകര്ക്ക് കാട്ടിക്കൊടുക്കണം എന്ന് പ്രാർത്ഥിച്ചു .  ആങ്ങിളമാരുടെ കൂടെ യാത്രയാകുന്ന മാക്കം വഴിയില്‍ മാടായിക്കവിലമ്മയെയും, കളരിവാതില്ക്കകല്‍ ഭഗവതിയെയും, കടലായി കൃഷ്ണനെയും തൊഴുതു നടന്നു.

യാത്രയ്ക്കിടെ ദാഹിച്ചുവലഞ്ഞ മാക്കം മക്കളെയും കൂട്ടി ചാലയില്‍ പുതിയവീട്ടില്‍ കയറി. ഈ വീട്ടിലെ അമ്മയുടെ കൈയില്നിലന്ന് പാല് വാങ്ങി കുടിച്ചാണ് മാക്കം യാത്രയാകുന്നത്. തേജസ്വിനിയായ മാക്കത്തെയും മക്കളെയും കണ്ട അവിടുത്തെ അമ്മ അവര്ക്ക് ദാഹം തീര്ക്കാന്‍ കിണ്ടിയില്‍ പാല്‍ നല്കി . അവരോടുള്ള നന്ദി സൂചകമായി തൻ്റെ  കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരി കിണ്ടിയില്‍ ഇട്ടുകൊടുത്തു. പിന്നീട് അവര്‍ നടന്നു മമ്പറം കടവ് കടന്നു. മമ്പറം കടന്നു അച്ചങ്കരപ്പള്ളിയില്‍ ഒരു പൊട്ടക്കിണറ്റിന്നടുത്ത് എത്തിയപ്പോള്‍ ‘നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ മാക്കേ?’ എന്ന സഹോദരന്മാരുടെ ചോദ്യംകേട്ട് നോക്കിയ മാക്കത്തെയും രണ്ടുകുഞ്ഞുങ്ങളെയും ആങ്ങളമാര്ചു‍രികയൂരി കഴുത്തറത്ത് കിണറ്റില്‍ തള്ളി. സംഭവത്തിന് സാക്ഷിയായ ഒരു മാവിലനെയും കൊലക്കത്തിക്കിരയാക്കി. ഏറ്റവും ഇളയ ആങ്ങളയായ കുട്ടിരാമന്‍ മാത്രം ജ്യേഷ്ഠന്മാരുടെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നില്ല.

സംഹാരരുദ്രയായ മാക്കത്തിൻ്റെ  പ്രതികാരമാണ് പിന്നീട്. കുഞ്ഞിമംഗലത്തെ തറവാട് കത്തിച്ചു ചാമ്പലാക്കി. വീരചാമുണ്ടിയുടെ സാന്നിധ്യമുള്ള കൊട്ടിലകം മാത്രം കത്താതെ നിന്നു. കുട്ടിരാമനും ഭാര്യയും ഒഴികെയുള്ള ആങ്ങളമാരും അവരുടെ ഭാര്യമാരും ദുര്മിരണം പൂകി. (സഹോദരന്മാര്‍ താമസിയാതെ തമ്മില്‍ കലഹിച്ചു തമ്മില്‍ തമ്മില്‍ തന്നത്താന്‍ മറന്നു വാള്‍ കൊണ്ട് കൊത്തി മരിച്ചു. കടാങ്കോട്ടെ വീട്ടില്‍ നാത്തൂന്മാാര്‍ ഏഷണി പറഞ്ഞു ഭ്രാന്തു വന്നു അവര്‍ തൂങ്ങി മരിച്ചു). മാക്കത്തിൻ്റെ  നിരപരാധിത്വം മാലോകര്ക്ക്ള ബോധ്യമായി.
സംഹാരതാണ്ഡവത്തിനുശേഷം മാക്കം മക്കളുമായി ചാലയില്‍ പുതിയവീട്ടിലെ പടിഞ്ഞാറ്റയില്‍ ചെന്നിരുന്നു എന്നാണ് കഥ.

ദൈവക്കരുവായി മാറി തൻ്റെ  ചാരിത്ര ശുദ്ധി തെളിയിച്ച മാക്കത്തിനും മക്കള്ക്കും കൂടെ മരണമടഞ്ഞ മാവിലാനും താമസിയാതെ കോല രൂപം നൽക്കി  കോലം കെട്ടി ആരാധിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു. അങ്ങിനെ ചാരിത്ര ശുദ്ധി തെളിയിച്ച കടാങ്കോട്ട് മാക്കം മാലോകരുടെ ആരാധ്യ ദേവതകളില്‍ പ്രധാനിയായി മാറി.

 


മാക്കവും മക്കളും കവിത
========================
പറശ്ശിനിക്കടവിൽ നിന്നും ലഭ്യമായിരുന്നു നാടൻപാട്ടിന്റെ ഒരു പുസ്തകമാണ്. ലളിതസുഭഗമായി കഥകൾ മനസ്സിലാക്കാൻ അതിലും ഭംഗിയായൊരു പാട്ടുപുസ്തകം ലഭ്യമല്ല. തെയ്യമായി ഉയിർത്തെഴുന്നേറ്റപ്പോൾ തോറ്റമ്പാട്ടുകളും മറ്റുമായി നിരവധിയുണ്ടെങ്കിലും ഈ കൃതി ഏറെ സുന്ദരമാവുന്നു.

കോലത്തുനാട്ടിലേ തമ്പുരാൻമാർ
ചേലോടെ നാടുവാണിടും കാലം,

ശ്രീ കുഞ്ഞിമംഗലമെന്ന നാട്ടിൽ
കടാങ്കോടെന്നൊരു നായർവീട്ടിൽ

ഏറിയവർഷങ്ങൾക്കപ്പുറത്ത്
ഉണ്ടായൊരു പെണ്ണുണിച്ചെറിയ,

ഒമ്പതാമത്തെ വയസ്സവൾക്ക്,
മുക്കൻകുറ്റിവീട്ടിൽ കുഞ്ഞിക്കോമൻ,

ഏഴണപ്പുടവ കൊടുത്തവൾക്ക്
വല്ലഭനായി കഴിഞ്ഞീടുമ്പോൾ,

ആടലില്ലാതെ വസിക്കും കാലം
പെറ്റുതുടങ്ങിയിയുണിച്ചെറിയ,

പന്ത്രണ്ട് പെറ്റവൾ, പെറ്റതെല്ലാം
ആണ്‍മക്കളായി പിറന്നതിനാൽ

പെണ്‍മകളൊന്നു ജനിക്കുവാനായ്
പാരംകൊതിച്ചന്നുണിച്ചെറിയ,

തിങ്കൾക്കലാധരപ്രീതിക്കായി,
തിങ്കളാഴ്ചവ്രതം നോറ്റുപോലും,

ഏകാദശിയും ദുവാദശിയും,
ഏകാഗ്രതയോടെ നോറ്റതിനാൽ,

ശ്രീമഹാദേവൻ കരുണകാട്ടി,
ശ്രീമതി ഗർഭം ധരിച്ചു വീണ്ടും,

ചേർച്ചകൾ നേർച്ചകൾ നോറ്റവള്,
ഓർച്ചയിലിങ്ങനെ ചിന്തചെയ്തു,

ഈ ജനിച്ചീടുന്ന സന്തതിയാൾ
ഒരു കൊച്ചുപെണ്ണായ് ഭവിച്ചുവെന്നാൽ,

വീരചാമുണ്ഡി തിരുനടയിൽ,
വെള്ളിവിളക്കൊന്നാരുക്കി വെക്കാം,

പറശിനി മുത്തപ്പനീശ്വരന്,
ഊട്ടും വെള്ളാട്ടും കഴിപ്പിച്ചീടാം,

തൃച്ചംമ്പരത്തൊരു നെയ്പായസം,
തൃപ്രയാറപ്പനു പാൽപായസം,

ചെറുകുന്നിൽ അന്നപൂർണേശ്വരിക്ക്,
ചെന്നു നിവേദ്യം കഴിപ്പിച്ചോളാം,

മാടായിക്കാവിലെൻ പൊന്നമ്മയ്ക്ക്,
കോഴിയെ വെട്ടി കലശം വെക്കാം,

കടലായിവാഴുന്നൊരുണ്ണികൃഷ്ണ-
ന്നരയിലരഞ്ഞാണം ചാർത്തിച്ചീടാം,

തളിപ്പറമ്പത്തൊരു നെയ്യമൃതും,
കാഞ്ഞിരങ്ങാട്ടൊരു നെയ് വിളക്കും,

പൂമാലക്കാവിൽ ഭഗവതിക്ക്,
പൊന്നിൻ പൂമാലയണിയിച്ചോളാം,

ഇത്തരം നേർച്ചകൾ നേർന്നവള്,
അത്തലില്ലാതെ കഴിയും കാലം,

മാസങ്ങൾ നീങ്ങിക്കഴിഞ്ഞവൾക്ക്,
ഒമ്പതുമാസം കഴിഞ്ഞു പോയീ,

പത്തും കഴിഞ്ഞു, പത്താം ദിവസം,
പത്തുവിനാഴിക ചെല്ലും നേരം,

ഒത്തൊരു നല്ല മുഹൂർത്തം തന്നിൽ,
പെറ്റവൾ നല്ലൊരു ബാലികയേ…

പത്തനം തന്നിൽ പരലസിച്ചു,
തത്തിക്കളിച്ചവൾ പൊന്നുമോള്,

പെണ്‍കുഞ്ഞാണെന്നുള്ള വാർത്തകേട്ടു,
പാരിച്ചോരാമോദാൽ കുഞ്ഞിക്കോരൻ,

ദാനധർമ്മാദികൾ വേണ്ടുമ്പോലേ,
സമ്മാനദാനവും നിർവ്വഹിച്ചു,

അന്നവസ്ത്രാദികളാഭരണം,
ആദരവോടെ കഴിച്ചുവേഗം,

താലോലിച്ചേറ്റം വളർത്തിയമ്മ,
ഓമനിച്ചാങ്ങളമാരും നോക്കി,

ജ്യോത്സ്യരെ വേഗം വരുത്ത്യവര്,
ജാതകം നന്നായെഴുതിപ്പിച്ചു,

കുഞ്ഞിമാക്കമെന്നോമനപ്പേർ
കുഞ്ഞിന്നായെന്നു വിളിച്ചവര്,

ഒരു കുന്നിലന്നൊരു പന്നിപോലെ
അരുമയിലന്നു വളർന്നു മാക്കം,

ആനന്ദമോടെ കഴിയും കാലം,
ആണ്‍മക്കൾ തന്നുടെ കല്യാണങ്ങൾ,

ആമോദമോടെ കഴിപ്പിച്ചച്ഛൻ,
സാമോദം ഭാര്യമാർ നാമമോതാം,

മൂത്തവനാം കുഞ്ഞിക്കോമനുടെ,
ഭാര്യക്കു കുഞ്ഞാതിയെന്നു നാമം,

രണ്ടാമനാകുമാ കുഞ്ഞമ്പുന്റെ,
പെണ്ണിന്റെ പേരല്ലോ കുംഭയെന്ന് ,

രയരപ്പവനവൻ മൂന്നാമൻറെ,
ഭാര്യ കുഞ്ചാറയെന്നു നാമം,

നാലാമൻ കണ്ടന്ന് പാട്ടിപ്പെണ്ണ്,
ചീരുപ്പെണ്ണഞ്ചാമനപ്പണ്ണക്കല്ലോ,

ആറാമൻ കണ്ണന്നൊരുമ്മാച്ചയും,
ഏഴാമൻ ചാത്തൂന് കുഞ്ഞാണിയും,

എട്ടാമൻ പാപ്പന്ന് കുഞ്ഞിക്കുങ്കി,
ഏതിലും ചൊവ്വുള്ള പെണ്ണാകുന്നു,

ഒമ്പതാമൻ കുഞ്ഞിക്കോരനുടെ,
പെണ്ണല്ലേ കുഞ്ഞമ്മയെന്നവര്,

പത്താമനാകുമാ കുഞ്ഞപ്പക്ക്,
ഉത്തലയെന്നൊരു പെണ്ണാകുന്നു,

പതിനൊന്നാമനാകുമപ്പൂട്ടി തൻ
പത്നിതൻ പേരു വാടിയെന്നും,

പന്ത്രണ്ടാമനാകും കുട്ടിരാമൻ,
ചിന്നാണിപ്പെണ്ണിനും താലികെട്ടി,

ഇങ്ങനെ പന്ത്രണ്ട് ആങ്ങളാരും,
പത്നിമാരോടും കടാങ്കോട്ടുള്ള,

ഉത്തമപുത്രിയാം മാക്കത്തോടും,
ഒത്തുരസിച്ചു വസിക്കും കാലം,

മാക്കത്തിനഞ്ചു വയസ്സായപ്പോൾ,
വെക്കമെഴുത്തിനിരുത്തിയവര്,

ആങ്ങളമാരവരൊത്തു ചേർന്നു,
അങ്കക്കളരിയിൽ ചെന്നവര്,

കളരിപ്പയറ്റും പഠിച്ചു നന്നായ്,
കേളിയേറും പടനായകരായ്,

കുട്ടിമാക്കവും പഠിച്ചുയർന്നു,
കൂട്ടുകാരൊത്തു കളിക്കും കാലം,

അന്നൊരു പൂരക്കാലത്തിൽ മന്ദം,
അമ്മയോടായിപ്പറഞ്ഞു പെണ്ണ്,

ഇക്കാലം വന്നൊരീ പൂരം നോമ്പ്,
നോക്കുവാനാശയെനിക്കെൻറെമ്മേ,

ആശയുണ്ടെങ്കില് നോറ്റോ മോളേ,

ഈശ്വരപ്രാർഥന ചെയ്തോ മോളേ,

പൂരവും നന്നായ് നോക്കി മാക്കം,
പൂക്കളു നന്നായ് വരച്ചു മാക്കം,

കാമനെ നന്നായ് കുറിച്ചുവച്ഛൻ,
കേമത്തിൽ സദ്യയൊരുക്കിയമ്മ,

പൂരട ചുട്ടുവിളമ്പിയവര്,
പൂമ്പാണന്തന്നെ നമസ്കരിച്ചു,

കാമനെ നന്നായയച്ചു പെണ്ണ്,
കൂട്ടുകാരൊത്ത് കളിച്ചു പെണ്ണ്,

അന്നൊരു നാളിൽ കളിച്ചീടുമ്പോൾ,
അച്ഛൻറെ നേരെ മരുമകനാം,

കുട്ടിനമ്പറെന്ന കുട്ടിയോട്,
പുന്നാരത്തോടെ പറഞ്ഞു മാക്കം,

ചുക്കും ചൊറിയും പിടിച്ച നീയും,
എന്നോടൊപ്പമൊന്നും കളിച്ചിടേണ്ട,

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം,
നന്നായ് പരിഹാസം ചെന്നതിനാൽ,

വേദനയോടെ നടന്നു നമ്പർ,
സാദരം അമ്മായി തൻ അരികിൽ,

ചെന്നുകരഞ്ഞു പറയും നേരം,
വേഗത്തിൽ ചോറ് കൊടുത്തമ്മായി,

ഒന്നുണ്ട് കേൾക്കണം കുട്ടിനമ്പ്രേ,
എന്നും കളിച്ചു നടന്നാൽ പോരാ,

കേളിപൊരുത്തൊരു നായർവീട്ടിൽ,
വന്നുപിറന്നൊരാണ്‍മക്കളെല്ലാം,

അങ്കക്കളരിയിൽ ചേർന്നിടേണം,
അങ്കപ്പയറ്റും പഠിച്ചിടേണം,

ആ വാക്കു കേട്ടൊരു കുട്ടിനമ്പർ,
അങ്കക്കളരിയിൽ ചേർന്നു വേഗം,

ആയുധവിദ്യ പഠിച്ചുയർന്നു,
ആയോധനത്തിൽ മിടുക്കനായി,

കുഞ്ഞുമാക്കം വളർന്നുവേഗം,
കുഞ്ഞിക്കളിവിട്ടു യവ്വനമായ്,

മാനവും വന്നു മിഴിയിണയിൽ,
നാണവും വന്നു കഴിഞ്ഞവൾക്ക്,

നീണ്ടുചുരുണ്ട് മുടിവളർന്നു,
കാണുന്നോർക്കേറ്റം ഭ്രമം വളർന്നു,

പഞ്ചമിച്ചന്ദ്രനും തോറ്റോടുന്ന,
പുഞ്ചിരിക്കൊള്ളും മുഖാംബുജത്തിൽ,

മുല്ലപ്പൂമൊട്ടുകളെന്നപോലെ,
പല്ലുകൾ നന്നായ് നിരന്നു നിന്നു,

താമരക്കണ്ണിണക്കോണുകൊണ്ട്,
തൂമകലർന്നൊരു നാണത്തോടെ,

നോക്കും മിഴിയൊന്നു തട്ടുവാനായ്,
ലാക്കുകൾ നോക്കും പുരുഷവർഗം,

അങ്ങനെയുള്ളൊരു കാലത്തിങ്കൽ,
പൊങ്ങിന മോദാലുണ്ണിചെറിയ,

മക്കളെയൊക്കെ വിളിച്ചരികിൽ,
മുമ്പിലിരുത്തി പറഞ്ഞുവമ്മ,

കടാങ്കോട്ടോമന പൊൻമക്കളേ,
കേളിയും കീർത്തിയും കൊണ്ടവരേ,

നിങ്ങളെ നേർപെങ്ങൾ മാക്കത്തിനു,
പ്രായമിതൊമ്പതും തേഞ്ഞവൾക്ക്,

പൊടമുറി വേഗം കഴിപ്പിക്കേണം,
കല്യാണത്താലിയണിയിക്കേണം,

അതിനൊന്നും തന്നെ മുടക്കമില്ല,
ബന്ധുവീടൊന്നമ്മ കണ്ടിടേണം,

മുക്കം കുറ്റി വീട്ടിൽ കുട്ടിനമ്പർ,
നിങ്ങടെ മച്ചുനൻ കുട്ടിനമ്പർ,

നമ്പറെ കൊണ്ടു കഴിപ്പിക്കണം,
മാക്കത്തിനൊത്ത വരനവനും,

ആ വാക്ക് കേട്ടോരു മക്കളെല്ലാം,
ആ, യെന്നനുവാദം മൂള്യവര്,

ജാതകം നന്നായ് നോക്യവര്,
നാളും കുറിച്ചവർ നിശ്ചയിച്ചു,

മാലോകർക്കാകെയെഴുത്തയച്ചു,
കല്യാണപന്തലൊരുക്കി വേഗം,

പന്തൽ വിതാനം പൊടിപൊടുത്തു,
ചന്തത്തിൽ മണ്ഡപം തീർത്തുടനെ,

മെല്ലെയാ നല്ല സുദിനം തന്നിൽ,
മാലോകരൊക്കെയും വന്നുചേർന്നു,

പന്തൽ മംഗലത്തിൻ വട്ടം കൂട്ടി,
ചന്തത്തിൽ ദീപം കൊളുത്തി വച്ചു,

കർപ്പൂരം കത്തിയെരിഞ്ഞു നന്നായ്,
താമ്രാണിധൂപം പറന്നു വാനിൽ,

പഞ്ചവാദ്യങ്ങളുയർന്നു വിണ്ണിൽ,
തഞ്ചത്തിൽ ഭാരതം ചൊല്യവര്,

മംഗളമേകുമാ നൻമുഹൂർത്തേ,
മംഗല്യഹാരമണിഞ്ഞവര്,

മംഗല്യപന്തലിൽ വെച്ചു നമ്പർ,
കല്യാണഗാത്രിക്കു താലികെട്ടി,

സദ്യകഴിഞ്ഞു പിരിഞ്ഞെല്ലാരും,
അന്നന്തിയൊപ്പം കഴിച്ചവര്,

പിറ്റേന്നു നേരം പുലർന്നനേരം,
പുന്നാരസൂര്യനുദിച്ച നേരം,

താമേളങ്ങളാലൊത്തു ചേർത്തു,
കാന്തന്റെ വീട്ടിലേക്കായിറങ്ങി,

അപ്പോഴേ പൊട്ടിക്കരഞ്ഞു മാക്കം,
കൂടെകരയുന്നുണ്ടാങ്ങളാരും,

അതുതാനെ കണ്ടൊരാ പെററൊരമ്മ,
ഒന്നുണ്ട് കേൾക്കണം പൊൻമകളേ,

പെണ്ണായ് ജനിച്ചാലൊരാണു വേണം,
കൂട്ടിന്നൊരാണായാൽ പെണ്ണുവേണം,

ദൈവത്തിൻ നിശ്ചയമങ്ങിനെയെ-
നോതികൊടുത്തുവാ പെറ്റൊരമ്മ,

അതുപോലെ കേട്ടോരു മാക്കത്തിൻ,
ഉൾതാപമൊട്ടു ശമിച്ചു വന്നു,

ആങ്ങളമാരുടെ പാദം തന്നിൽ,
ആദരവോടെ നമസ്കരിച്ചു,

പെറ്റമ്മയേയും വണങ്ങി മാക്കം,
അച്ഛൻറെ തൃപ്പാദം തന്നിൽ വീണു,

നാത്ത്വൻമാരേവും ചമഞ്ഞൊരുങ്ങി,
കാന്തൻറെ വീട്ടിലായെത്തും നേരം,

ദീപം നന്നായ് കത്തിച്ചമ്മ,
മക്കളെ വേണ്ടപോലാധരിച്ചു,

പുഞ്ചനെല്ലരി ചോറിനാലും,
മുഞ്ചുള്ളോരഞ്ചു കറികളാലും,

മൂന്നുവിധത്തിൽ പ്രഥമനോടും,
മൂന്നാലുകൂട്ടം വറുത്തുപ്പേരീ,

,പാലടയുണ്ട്, പഴംനുറുക്കും,
പാകത്തിൽ വാർത്തുള്ള നെയ്യപ്പവും,

മൃഷ്ടാന്നമായിട്ടോരുക്കി വച്ചു,
സദ്യകളെല്ലാം പൊടിപൊടുത്തു,

വെറ്റിലക്കെട്ടും കഴിച്ചവര്,
വാത്സല്യത്തോടെ തിരിച്ചവര്,

എത്തീ കടാങ്കോട് വീട്ടിൽ വന്നു,
ഭർത്താക്കളോടും സുഖിച്ചു മേവി,

അമ്മയോരു നാൾ വിരുന്നു പോയീ,
അമ്മാവൻ വീട്ടിലായ് താമസിച്ചു,

അന്നൊരു നാളിലാ കുഞ്ഞിമാക്കം,
ആദ്യമായ് ചോറും കറിയു വച്ചു,

ഭർത്താവിനാദ്യം കൊടുത്തു മാക്കം,
നമ്പറന്നൂണും കഴിച്ചെണീറ്റു,

പാത്രമെടുത്തൂ കഴുകുന്നേരം,
ഗാത്രം വിറച്ചു പറഞ്ഞു മാക്കം,

ഭാര്യായായിന്നു ഞാനുള്ളനേരം,
പാത്രം കഴുകാൻ തുനിഞ്ഞതത്രേ!,

അരുതാനേ കേട്ടോരു കുട്ടിനമ്പർ,
പുതുതായിട്ടോൻ ചിരിച്ചുകൊണ്ട്,

”ചുക്കും ചൊറിയു പിടിച്ചൊരെൻറെ,
എച്ചിലിന്നെങ്ങനെ നീയെടുക്കും,

ആ വാക്കു കേട്ടൊരാ കുഞ്ഞിമാക്കം,
ചെറുതായിട്ടോതി കരഞ്ഞും കൊണ്ട്,

”പണ്ടുചെറുപ്പത്തിൽ നമ്മൊത്ത്,
പൂഴിച്ചോറാടിക്കളിക്കുംനേരം,

അന്നുതമാശയായ് പറഞ്ഞതെല്ലാം,
ഇന്നെൻറെ കാന്തൻ പൊറുത്തിടേണം,

എല്ലാം ഞാൻ പണ്ടേ പൊറുത്തതാണ്,
എന്നാലും നീയൊന്നറിയാനായീ,

ഉല്ലാസത്തിനു പറഞ്ഞതാണ്,
തെല്ലുമേ നീയതിൽ ഖേദിക്കേണ്ട,

ഇങ്ങനെ നേരമ്പോക്കാതിക്കൊണ്ടും,
പൊങ്ങിനമോദാൽ വസിക്കും കാലം,

നാളുകളേറെ കടന്നു പോയീ,
പലവേനൽവർഷം കടന്നുപോയീ,

മാസക്കുളിയും മുടങ്ങി മന്ദം,
മാക്കത്തിൻ ഭാവം പകർന്നും പോയീ,

ഒന്നും കഴിഞ്ഞവൾ രണ്ടിലെത്തി,
രണ്ടും കഴിഞ്ഞവൾ മൂന്നിലെത്തി,

മൂന്നും കഴിഞ്ഞവൾ നാലിലെത്തീ,
നാലും പിന്നിട്ടവൾ അഞ്ചിലെത്തി,

അഞ്ചെന്നമാസം നടക്കും കാലം,
അഞ്ചാതെ തൊവ്വൽ കഴിച്ചവര്,

അഞ്ചും കഴിഞ്ഞവൾ ആറിലെത്തി,
ആറിനുശേഷം പിന്നേഴിലെത്തി,

ഏഴെന്ന മാസം പിറന്നകാലം,
ഏണാക്ഷിയാകുമുണിച്ചെറിയ,

പുങ്ങനും നല്ല പുളികുടിയും,
ഭംഗിയിൽ തന്നെ കഴിച്ചോളുന്നു,

മാക്കത്തെയന്നു കടാങ്കോട്ടേക്ക്,
അമ്മതന്നൊപ്പമയച്ചു നമ്പർ,

പെറ്റമ്മക്കൊപ്പമാ കുഞ്ഞുമാക്കം,
തെറ്റെന്നു മെല്ലെ നടന്നും കൊണ്ട്,

നേരമോരഞ്ച് മണിക്ക് മുമ്പേ,
നേരെ കടാങ്കോട് വീട്ടിലെത്തി,

ആങ്ങളമാരവരൊത്തു ചേർന്നു,
ആർത്തിയിൽ മാക്കത്തെ സംരക്ഷിച്ചു,

നാത്തൂൻമാർക്കൊട്ടും സഹിച്ചിടാതെ,
മുക്കിയും മൂളിയുമൊപ്പിക്കുന്നു,

ആശിച്ചതെല്ലാം കൊടുത്തുവമ്മ,
ഈശ്വരസേവയിൽ വാഴും കാലം,

പത്തും തികഞ്ഞവൾ കുഞ്ഞുമാക്കം,
ഒത്തൊരു ഭാവം പകർന്നു പെണ്ണ്,

അതുതാനെ കണ്ടൊരു ആങ്ങളാര്,
ഈറ്റുപുരയൊരുക്കി വേഗം,

പെങ്ങള നന്നായ് നോക്കുവാനായ്,
പേറ്റച്ചിയേയും വരുത്യവര്,

പേറ്റുനോവലത് സഹിക്കാഞ്ഞിട്ട്,
ഏറ്റം കരയുന്നു കുഞ്ഞുമാക്കം,

ഏതും കരയല്ല പൊന്നുമോളേ,
എല്ലാം സഹിക്കണം പൊന്നുമോളേ,

പെണ്ണായ് ജനിച്ചെന്നാലേതൊരാളും,
മണ്ണിലറിയേണം പേറ്റുനോവ്,

അങ്ങനെയൊട്ടുകഴിയും നേരം,
പെറ്റവൾ കുട്ടികൾ രണ്ടുപേരെ,

വാർത്തയറിഞ്ഞവരാങ്ങളമാർ,
ചീർത്തവരുല്ലാസത്താൽ തുള്ളിച്ചാടി,

അച്ഛൻറെ വീട്ടിലയച്ചു വാർത്ത,
ഇച്ചയോടച്ഛനും വന്നുചേർന്നു,

മക്കളെക്കൊണ്ടവർ സന്തോഷിച്ചു,
ചിക്കെന്നു പേരും വിളിച്ചോതുന്നു,

ആണ്‍കുഞ്ഞയതിനാൽ ചാത്തുവെന്നും,
പെണ്‍കുഞ്ഞിന്നായിട്ട് ചീരുവെന്നും,

ജാതകാലൊത്തൊരു നാമം നൽകി,
ഭൂതലം തന്നിൽ വളർന്നിടുമ്പോൾ,

നാത്തൂൻമാർക്കേതും സഹിച്ചീടാതെ,
മുക്കിയും മൂളിയുമൊപ്പിച്ചോണ്ട്,

ഇങ്ങനെ മാക്കൊരു നാലഞ്ചോട്ടം,
ഈരണ്ടുമക്കളെ പെറ്റുവെന്നാൽ,

ഭാവിയിൽ രക്ഷയില്ലാതെ നമ്മൾ,
ഊർച്ചിയിൽ കഷ്ടത്തിലായിത്തീരും,

അയ്യോ ഭഗവാനേയിത്തരത്തിൽ,
കുറേന്നും വെച്ചുപുലർത്തിപ്പോന്ന,

ആങ്ങളമാരേയും പെങ്ങളേയും,
ഞങ്ങളെവിടേയും കണ്ടതില്ല,

എന്നതിനാലവരൊത്തൊരുങ്ങി,
മാക്കത്തേക്കോല്ലിക്കാൻ തക്കം നോക്കി,

അങ്ങനെയുള്ളൊരാക്കാലം തന്നിൽ,
ഉണിച്ചെറിയങ്ങു മരിച്ചും പോയീ,

ഉറ്റവരില്ലാതെ കുഞ്ഞിമാക്കം,
പെറ്റൊരു വേദന തന്നിൽ മേവി,

ആ മഴക്കാലം കഴിഞ്ഞു മന്ദം,
വേനലുദിച്ചുയർന്ന കാലം,

കാളരാത്രികളകന്നീടുമ്പോൾ,
കടാങ്കോട് മന നമ്പ്യാൻമാർക്ക്,

കോലത്ത് നാട്ടിലെ തമ്പുരാനും,
ഓലയെഴുതിയയച്ചല്ലോ,

മേര്യോട്ട് വാഴുന്ന സ്വരൂപത്തോട്,
മാനമായങ്കം പിടിക്കുവാനായ്,

വന്നൊരു വാർത്തയറിഞ്ഞു മാക്കം,
ഖിന്നതയോടെ പറഞ്ഞവള്,

നിങ്ങളിന്നങ്കം പിടിക്കുവാനായ്,
എങ്ങാനും പോകുന്നുണ്ടെങ്കിലിപ്പോൾ,

എന്നേയും കുട്ടികളേയുമൊപ്പം,
കൂട്ടുവാൻ സൻമനസുണ്ടാകേണം,

എന്നേയും മക്കളിരുവരേയും,
നാത്തൂൻമാർക്കൊന്നുമെ കണ്ടുകൂടാ,

ഏതും പറയൊല്ല കുഞ്ഞിമാക്കേ,
തെറ്റിദ്ധരിക്കൊല്ല കുഞ്ഞിമാക്കേ,

എന്നുപറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങീടുമ്പോൾ,

ഉറ്റ മരുമക്കളോടി വന്നു,
അമ്മാമൻമാരുടെ മുമ്പിൽ നിന്നു,

വെള്ളത്തിൽ മീനുകളെന്നപോലെ,
തുള്ളിക്കളിക്കുന്നുണ്ടാമോദത്താൽ,

അമ്മാമൻമാരുമെടുത്തവരേ,
ചുംബിച്ചു സാന്ത്വനമാക്കീടുമ്പോൾ,

ഊക്കേറും സങ്കടത്തോടെ പാരം,
കുഞ്ഞിമാക്കവും പറഞ്ഞോളുന്നു,

വീരചാമുണ്ഡിക്കുലദൈവത്തി-
ന്നന്തിവിളക്കിന്നും എണ്ണയില്ല,

അപ്പോൾ പറയുന്നുണ്ടാങ്ങളാരും,
ഒന്നുണ്ട് കേൾക്ക നീ കുഞ്ഞുമാക്കേ,

ദീപത്തിനെണ്ണ കുറവാണെങ്കിൽ,
താപം നിനക്കേതും വേണ്ട മാക്കേ,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെത്തന്നെ വരുത്തിയിട്ട്,

ഒരു പൊതിയെള്ള് കൊടുത്തുവെന്നാൽ,
രണ്ടുനാൾക്കുള്ളിലെണ്ണ കിട്ടും,

എന്നും പറഞ്ഞവർ ദൈവങ്ങളേ,
വന്ദിച്ചു യാത്രയിറങ്ങിപ്പോയീ,

അന്നും കഴിഞ്ഞു പിറ്റേ ദിവസം,
ഖിന്നതയോടെയാ കുഞ്ഞിമാക്കം,

എമ്മനെത്തന്നെ വരുത്തി മാക്കം,
എള്ളുപൊതിയും കൊടുത്തു മാക്കം,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എള്ളുമെടുത്തങ്ങു പൊയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
തമ്മിൽ പറഞ്ഞും ചിരിച്ചും കൊണ്ട്,

മാക്കത്തിൻ പേരിലപവാദം ചൊല്ലാൻ,
തക്കവും പാർത്തിട്ടിരുന്നവര്,

ഏഴുനാളങ്ങനെ നീങ്ങീടുമ്പോൾ,
എണ്ണയും കൊണ്ടെമ്മൻ വന്നീടുമ്പോൾ,

എമ്മൻ വരുന്നത് ദൂരത്തൂന്നേ,
കണ്ടൊരു നനാത്തൂൻമാരൊത്തു ചേർന്നു,

കടാങ്കോട്ടോമന വീട്ടിൽ നിന്നും,
ഇടവഴി തന്നിൽ മറഞ്ഞിരുന്നു,

എമ്മനും വന്നു കടാങ്കോട്ടേക്ക്,
അമ്മമാർ തന്നെ വിളിച്ചോളുന്നു,

നാത്തൂൻമാരേയും കാണുന്നില്ല,
ഒന്നിച്ചെവിടേക്ക് പോയവര്,

തീണ്ടാരിയായ് കഴിയും മാക്കം,
ഈറ്റുപുരയിൽ കഴിയും മാക്കം,

ഏറിയ സങ്കടത്തോടെ മാക്കം,
എമ്മനോടായി പറഞ്ഞു മാക്കം,

നാത്തൂൻമാരേയും കാണുന്നില്ല,
എത്തിയകത്തേക്ക് വച്ചോ നീയും,

പെറ്റുവിളിച്ചു പറഞ്ഞു മാക്കം,
ഒറ്റച്ചെവിടാലേ കേട്ടോരെമ്മൻ,

എണ്ണ ഭരണിയെടുത്തു മെല്ലെ,
എത്തിയകത്തേക്കു വച്ചുടനേ,

യാത്രയും ചൊല്ലിത്തിരിച്ചുടനേ,
എത്രയും വേഗത്തിൽ പോയ്ക്കൊള്ളുന്നു,

അതുതാനെ കണ്ടൊരു നാത്തൂൻമാര്,
ഒരു കൊടുങ്കാറ്റിൻറെ വേഗതയിൽ,

കുഞ്ഞിമാക്കത്തെ മുഖത്ത് നോക്കി,
ഹാസ്യഭാവത്തിൽ പറഞ്ഞോളുന്നു,

പരമ്പൂക്കരക്കാരൻ വാണ്യനെമ്മൻ,
എമ്മനെക്കൂടെ കിടത്തീടുവാൻ,

എങ്ങനെ തോന്നീ നിനക്കു മാക്കേ?
എന്തെടീ തേവടിയാട്ടമാണോ??

നമ്പർക്ക് രോഗം പിടിച്ചതിനാൽ,
നമ്പ്രേ നിനക്കേതും പോരാഞ്ഞിട്ടോ?

ആങ്ങളമാർ പന്ത്രണ്ടാളും,
അന്തം പിടിച്ചു മരിക്കുമെന്നും,

ഇങ്ങു മടങ്ങി വരില്ലെന്നും നീ,
ഓർത്തു മനസിൽ കൊതച്ചതാണോ,

ദുഷ്ടതയിത്തം പറഞ്ഞും കോണ്ട്,
കൊട്ടിച്ചിരിച്ചു പരിഹസിച്ചു,

ഇടിവെട്ടടിച്ചൊരു മാമരം പോൽ,
കിടുകിടായെന്നു വിറച്ചു മാക്കം,

ഒരു ഭൂകമ്പത്തിൻ പ്രതിധ്വനി പോൽ,
ഒരുവേള നിന്നു തരിച്ചു മാക്കം,

കൊട്ടിച്ചിരിക്കുന്നു നാത്തൂൻമാരും,
പൊട്ടിക്കരയുന്നു കുഞ്ഞുമാക്കം,

ഇങ്ങനെയില്ലായ്മ നിങ്ങൾ ചൊന്നാൽ,
എങ്ങനെ ജീവിച്ചിരിക്കും ഞാനും,

ജീവിച്ചിരിക്കാൻ മോഹം നിനക്കുണ്ടെങ്കിൽ,
എമ്മനു തന്നെ നീ വാണൊ മാക്കേ,

ആങ്ങളമാരു മടങ്ങി വന്നാൽ,
ഒത്തമുഹൂർത്തം കുറിച്ചും കൊണ്ട്,

ആർഭാടമായിക്കഴിപ്പിച്ചോളാം,
എമ്മൻറെ കൂടെയയപ്പിച്ചോളാം,

ഇച്ചതി വഞ്ചനകേട്ടമാക്കം,
ചിത്തഭ്രമം പിടിപെട്ടപോലെ,

മക്കളെ മാറോടണച്ചുചേർത്ത്,
കെട്ടിപ്പിടിച്ച് കരഞ്ഞൊളുന്നു,

വീരചാമുണ്ഡി കുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലല്ലോ,

നാത്തൂൻമാരൊത്തെന്നെ വഞ്ചിക്ക്വോന്ന്,
ചിത്തത്തിലൊന്നും നിനച്ചില്ലല്ലോ,

മൂകമായന്നു കടാങ്കോട്ടേറ്റം,
ശോകമായ് തന്നെ കഴിഞ്ഞീടുമ്പോൾ,

അങ്കം ജയിച്ചവരാങ്ങളമാർ,
ആനന്ദാവേശപുളകിതരായ്,

കോലത്ത് നാട്ടിലെ തമ്പുരാൻറെ,
ചേലൊത്ത സമ്മാനം വാങ്ങിക്കൊണ്ട്,

പാരമായന്നൊരു മോദത്തോടെ,
വീരചാമുണ്ഡി നടയിൽ ചെന്നു,

ആയോധനത്തിൽ ജയിച്ചവര്,
ആയുധം താഴ്ത്തി നമിച്ചവിടേ,

മന്ദം തിരിഞ്ഞങ്ങു നോക്കും നേരം,
ഒന്നിച്ചു വന്നവർ ഭാര്യമാരും,

ഖിന്നതപൂണ്ടു പാഞ്ഞവര്,
സുന്ദരമായൊരു വ്യാജവാർത്ത,

ഭർത്തക്കൻമാർ നിങ്ങൾ പോയേപ്പിന്നേ,
ചീർത്തൊരു മോദത്താൽ കുഞ്ഞിമാക്കം,

എണ്ണയും കൊണ്ടെമ്മൻ വന്നനേരം,

ചുമ്മാ രസങ്ങൾ പറഞ്ഞു കൊണ്ട്,
എമ്മനുമായി കിടന്നു മാക്കം,

ദൂരേന്നു സംഗതി കണ്ടു ഞങ്ങൾ,
ഓടിയടുക്കും സമയം തന്നിൽ,

മാക്കം പിടഞ്ഞെഴുന്നേൽക്കുന്നതും,
എമ്മൻ പുറത്തേക്ക് ചൂളുന്നതും,

ഞങ്ങടെ കണ്ണോണ്ട് കണ്ടതാണ്,
എങ്ങിനിവിടെ കഴിയും ഞങ്ങൾ,

പാച്ചലേ പാഞ്ഞു മറഞ്ഞുവെമ്മൻ,
പിച്ചയും പേയും പറഞ്ഞു മാക്കം,

ആങ്ങളമാർ നിങ്ങൾ വന്നാൽ പിന്നെ,
എമ്മൻറെ കൂടെയയപ്പിക്കാനായ്,

സമ്മതമുണ്ടാകണമെന്നും ചൊല്ലി,
സാന്ത്വനമാക്കിക്കഴിഞ്ഞു ഞങ്ങൾ,

മാനം തകർത്ത് കടാങ്കോട്ട്ന്നും,
മാനമോടെ ഞങ്ങൾ പോവതിനായ്,

നിങ്ങളെ കണ്ടിട്ട് യാത്ര ചൊല്ലാൻ,
ഞങ്ങളിവിടെ ക്ഷമിച്ചതാണ്,

ആ വാക്കു കേട്ടോരു നമ്പ്യാൻമാര്,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

ഒന്നു നടന്നു രണ്ട് ചാടിക്കൊണ്ട്,
വേഗം കടാങ്കോട് വീട്ടിലെത്തി,

ഏട്ടൻമാർ വന്നതും കണ്ടു മാക്കം,
ഏറിയ മോദേന കുഞ്ഞിമാക്കം,

പെട്ടെന്നു വെള്ളിക്കുടം നിറയേ,
വെള്ളമെടുത്തവർ മുമ്പിൽ വച്ചു,

അങ്കം പിടിച്ചു തളർന്നൊരെൻറെ,
ആങ്ങളമാർക്കേറേ ക്ഷീണമുണ്ട്,

ചോറും കറീം ഞാനൊരുക്കീട്ടുണ്ട്,
വേഗത്തിലൂണ് കഴിച്ചീടണം,

അതുതാനെ കേട്ടോരു നമ്പ്യാൻമാര്,
കടകടാപല്ലുകടിച്ചും കൊണ്ട്,

നീ തൊട്ട വെള്ളവും വേണ്ട പെണ്ണേ,
നീ വെച്ച കറീം ചോറും വേണ്ട,

കേളി പെരുത്ത കടാങ്കോടിൻറെ,
കേളിയും കീർത്തിയും നീ കളഞ്ഞു,

മാനോം മര്യാദേം തകർന്ന ദിക്കിൽ,
മാനിയാം ഞങ്ങളും ജീവിക്കില്ല,

കോട്ടയം വേല വിളക്കു കാണാ,
നീ പണ്ടേ മോഹം പറഞ്ഞതിനാൽ,

ആ പൂരവേലക്കു നിന്നെ,
കാട്ടുവാനായ് പെരുത്തതിനാൽ,

ഞങ്ങളിവിടെക്ക് വന്നതാണ്,
വേഗമിറങ്ങണം കുഞ്ഞിമാക്കേ,

മാറത്തടിച്ചും നിലവിളിച്ചും,
പെട്ടെന്നവിടത്തിൽ വീണുമാക്കം,

വീരചാമുണ്ഡിയാം ദൈവത്താണേ,
ഞാനൊരപരാധം ചെയ്തിട്ടില്ല,

ഏട്ടത്തിമാരെന്നെ കൊല്ലിക്കാനായ്,
ഏട്ടൻമാർ മുന്നിൽ പൊളി പറഞ്ഞു,

അതുകേട്ടിട്ടെന്നെ ചതിക്കരുതേ,
മതി തന്നിൽ പാതകം ചെയ്യരുതേ,

സത്യം പറഞ്ഞവൾ കേണെന്നാലും,
മൊത്തത്തിലേതും ചെവിക്കൊള്ളുവാൻ,

അന്നവർക്കേതും കഴിഞ്ഞതില്ല,
മുൻകോപം പിൻദുഃഖമായ് ഭവിക്കും,

ഇളയാങ്ങളയാകും കുട്ടിരാമൻ,
അവനുടെ ഭാര്യയാം ചിന്നാണിയേ,

ഒറ്റക്കുതന്നെ വിളിച്ചും കൊണ്ട്,
കാര്യങ്ങളെല്ലാം തിരക്കിയപ്പോൾ,

കൃത്യമായ് ഭർത്താവിൻ മുമ്പിലന്നു,
സത്യം പറഞ്ഞവളത്തരുണി,

ഏട്ടത്തിമാരവർ ചൊന്നതൊന്നും,
ഞാനെൻറെ കണ്ണോണ്ടു കണ്ടിട്ടില്ല,

മാക്കവും തീണ്ടാരിയായതിനാൽ,
ഞങ്ങളിവിടെയില്ലാത്തതിനാൽ,

എണ്ണയകത്തേക്കങ്ങെത്തി വച്ചു,
എമ്മനവിടുന്നു പോകും നേരം,

ഏട്ടത്തിമാരവരൊത്തു ചേർന്നു,
കൊട്ടിച്ചിരിച്ചു നിലവിളിച്ചു,

പാരമപരാധം ചൊല്ലിചൊല്ലി,
പാരിച്ചമോദത്താൽ പുഞ്ചിരിച്ചു,

സത്യമായും നിങ്ങൾ പാദത്തിനെ,
സത്യമാണെൻറെ പ്രാണനാഥാ,

കാര്യങ്ങളെല്ലാം കുട്ടിരാമൻ,
ഏട്ടൻമാർ മുമ്പിൽ പറഞ്ഞെന്നാലും,

കൂറ്റൻ നരിക്കൂട്ടമെന്ന പോലെ,
അരിശം വിറയ്ക്കുന്ന നമ്പ്യാൻമാര്,

മൊത്തത്തിലൊന്നും ചെവിക്കൊള്ളാതെ,
മാക്കത്തേക്കൊല്ലാൻ നിശ്ചയിച്ചു,

കോട്ടയം വേലവിളക്കുനിന്നേ,
കാട്ടിത്തന്നീടാമിറങ്ങു പെണ്ണേ,

നേർപെങ്ങൾ പണ്ടേ കൊതിച്ചതല്ലേ,
നേരമിതിന്നിപ്പോൾ വന്നും കൂടി,

അതുതാനെ കേട്ടോരു കുഞ്ഞിമാക്കം,
മക്കളേ നന്നായ് ചമയിച്ചല്ലോ,

പണ്ടങ്ങളെല്ലാമെടുത്തണിഞ്ഞു,
പരിതാപമോടെയിറങ്ങും നേരം,

വീട്ടുപാത്രങ്ങൾ തല്ലിത്തകർത്ത്,
എണ്ണഭരണിയുടച്ചെറിഞ്ഞു,

വസ്ത്രങ്ങളൊക്കെ ചുരുട്ടിക്കെട്ടി,
തീയതിലിട്ടവൾ ചാരമാക്കി,

വീരചാമുണ്ഡികുലദൈവത്തിൻ,
നേരെ കിഴക്കേ നടയിൽ ചെന്നു,

മക്കളെക്കൊണ്ടു തൊഴുവിപ്പിച്ചു,
മാക്കവും തൃപ്പാദം തന്നിൽ വീണു,

വീരചാമുണ്ഡികുലദൈവമേ,
ഞാനൊരപരാധം ചെയ്തില്ലമ്മേ,

എല്ലാമറിയുന്നൊരെൻറെ,
അല്ലലിന്നാകെയകറ്റീടേണം,

തെല്ലു പിഴക്കാത്തോരെൻറെ പേരിൽ,
ഇല്ലാത്തപരാധം ചൊല്ലിയേതും,

ജ്യേഷ്ഠത്തിമാരും കുടുംബങ്ങളും,
വിഷ്ടപം തന്നിൽ നശിച്ചീടട്ടേ,

സത്യം ജയിച്ചു പ്രകാശിക്കട്ടേ,
കൃത്യമായ് ലോകരറിഞ്ഞീടട്ടേ,

അമ്മതൻ പാദത്തിൽ വീണുമാക്കം,
ചെമ്മേ ധരണിയിൽ വീണും കൊണ്ട്,

ഇത്രയും പ്രാർഥിച്ചു കൊണ്ടുടനെ,
എത്രയും കോപിതരായ തൻറെ,

ഏട്ടൻമാരൊന്നിച്ച് പോയീടുന്നു,
ആടലോടേവം നടന്നീടുന്നു,

മാടായിക്കാവിൽ ജനനി തൻറെ,
ഈടാർന്ന മേനി തൊഴുതവള്,

കണ്ണുമടച്ചു പ്രാർഥിച്ചു മാക്കം,
ദണ്ഡമകറ്റാൻ സ്തുതിച്ചു മാക്കം,

അങ്ങു ചെറുകുന്നിലമ്മയുടെ,
തൃപ്പാദം തന്നിൽ നമിച്ചശേഷം,

കാര്യമവിടേയും ചൊല്ലി മാക്കം,
കാമിതം നൽകാനപേക്ഷിച്ചു,

പാപ്പിനിശ്ശേരിയും പിന്നിട്ടവർ,
വളപട്ടണവും കടന്നു ചെന്നു,

കടലായി വാഴുന്നൊരുണ്ണികൃഷ്ണൻ,
കരുണക്കായ് തന്നെയും പ്രാർഥിച്ചിട്ട്,

പൊള്ളും വെയിലിൽ നടന്നവര്,
പള്ളിക്കുന്നെന്നൊരു നാടും വിട്ട്,

താണയിൽ കൂടി നടന്നവര്,
ചൊവ്വയും നേരേ നടന്നവര്,

ചേലെഴും ചാലയിലെത്തും നേരം,
തീരേ തളർന്ന പൊന്മക്കൾ രണ്ടും,

അമ്മയോടായി പറഞ്ഞോളുന്നു,
അമ്മേ നടക്കാൻ പറ്റുന്നില്ല,

പാരം വിശക്കുന്നു, ദാഹിക്കുന്നു,
വെള്ളം കുടിക്കണം ഞങ്ങൾക്കമ്മേ,

കുട്ടികൾ ദീനതകണ്ടനേരം,
ഞെട്ടിഞെരിച്ചാടനിന്നു മാക്കം,

പൊട്ടിത്തെറിച്ചു കരയും കാഴ്ച,
ആരും സഹതപിച്ചീടും കാഴ്ച,

കുട്ടിരാമനെന്നിളയാങ്ങള,
പെട്ടെന്നു കണ്ടു പരിതപിച്ചു,

ഒരു കാര്യം കേൾക്ക നീ കുഞ്ഞി മാക്കേ,
ഒരുതുള്ളി വെള്ളം കൊടുക്ക് മാക്കേ,

അക്കാണും വീടൊരു നമ്പ്യാർ വീട്,
ചാലയിൽ നല്ല പുതിയ വീട്,

കുട്ടികളെക്കൂട്ടി പോകനീയും,
വെള്ളം കൊടുത്തു വരിക നീയും,

അതുതാനെ കേട്ടോരു കുഞ്ഞുമാക്കം,
അതുവഴി ചെന്നു പുതിയ വീട്ടിൽ,

ചാലയിൽ നല്ല പുതിയ വീട്ടിൽ,
ചേലിൽ വിളങ്ങുന്ന പെറ്റൊരമ്മ,

മാക്കത്തോടായിട്ടു ചോദിക്കുന്നു
വെക്കം പകച്ചോണ്ടു ചോദിക്കുന്നു

എവിടുന്നു കുഞ്ഞീ വരുന്നതെന്നു
എവിടുത്തേക്കായിട്ടു പോകുന്നെന്നും

എല്ലാം വഴിയേ പറയാമമ്മേ
ദാഹിച്ചവെള്ളം തരികെനിക്ക്

മാക്കത്തിൻ ദീനത കണ്ടോരമ്മ
ചിക്കെന്നകത്തു കടന്നു ചെന്ന്

നേരത്തേ കാച്ചിത്തണുത്തപാൽ
വെള്ളോട്ട് കിണ്ടി നറയെടുത്തു

കുട്ടികൾ കയ്യിൽ കൊടുത്തുവമ്മ
ആർത്തിയോടേറ്റം കുടിച്ചവര്

ശേഷിച്ച പാലു കുടിച്ചു മാക്കം
ഖേദമൊഴിച്ചു പറഞ്ഞു വാർത്ത

കുഞ്ഞിമംഗലമെന്നുള്ള നാട്ടിൽ
കേളിയേറും കടാങ്കോട്ടുവീട്ടിൽ

കുഞ്ഞിമാക്കമെന്നണെന്റെ പേര്
കുട്ടികൾ ചാത്തുവും കുഞ്ഞിച്ചീരൂം

ആങ്ങളമാരവർ പന്ത്രണ്ടാള്
ആണുങ്ങളുണ്ടവരൊപ്പം തന്നെ

കോട്ടയം വേലവിളക്കുകാണാൻ
കൂടെ പുറപ്പെട്ടു പോന്നു ങങ്ങൾ

എന്നും പറഞ്ഞവൾ കുഞ്ഞിമാക്കം
തന്റെ കഴുത്തിലുള്ളാഭരണം

പെട്ടെന്നതെല്ലാമഴിച്ചെടുത്തു
വെള്ളോട്ട് കിണ്ടിയിൽ നിക്ഷേപിച്ചു

അതുതാനെ കണ്ടോരു പെറ്റോരമ്മ
പുതുമയിലൊന്നു തരിച്ചു കൊണ്ട്

എന്തോന്ന് ഞാനിന്നീ കാണുന്നത്
ഹന്ത! നീ ഭ്രാന്തിയോ കുഞ്ഞിമാക്കേ?

ഭ്രാന്തിയല്ലമ്മേ ഞാനെങ്കിൽ പോലും
ചിന്ത തകർന്നൊരു പെണ്ണാവുന്നു!

കോട്ടയത്തുത്സവം കണ്ടു ഞങ്ങൾ
ഈ വഴി തന്നിൽ മടങ്ങുന്നേരം

അപ്പോൾ ഞാൻ വന്നിട്ട് വാങ്ങിക്കോളാം
ഇപ്പോൾ ഇവിടെയിരിക്കട്ടമ്മേ

എന്നുള്ളോരൊസ്യത്തും ചൊല്ലിമാക്കം
ഖിന്നതയോടെ നടന്നു മാക്കം

ആങ്ങളമാരും പിരിഞ്ഞിടാതെ
കാവൽഭടന്മാരെന്നപോൽ നടന്നു

ആ നാടും ദേശങ്ങൾ പിന്നിട്ടപ്പോൾ
ശ്രീ പെരളശ്ശേരീലെത്ത്യവര്

ആ നാടിനോടും വിടപറഞ്ഞ്
മമ്പറം നോക്കി നടന്നകന്നു

മമ്പറം പുഴയും കടന്നക്കരെ
എത്തിയ ശേഷം പറഞ്ഞവര്

ചാരെമുറിയേ വിഴിയുണ്ടൊന്ന്
ആ വഴി തന്നിലേ പോക നമ്മൾ

എന്നും പറഞ്ഞിട്ടൊരൂടു വഴി
തന്നിലേയേറെ നടന്നകന്നു

അച്ചങ്കരപ്പള്ളിയെന്ന പേരാൽ
പേർ പുകഴ്ന്നുള്ള പറമ്പിലൂടെ

അല്പം നടക്കേ വഴിയരികിൽ
പൊട്ടക്കിണറൊന്ന് കണ്ടവര്

ആങ്ങളമാരും കിണറ്റിൽ നോക്കി
ആശ്ചര്യത്തോടെ പറങ്ങോളുന്നു:

കവിത ഇങ്ങനെ തുടരുകയാണ്. സംഗതി പൂർണ്ണമല്ല ഇവിടെ, സമീപഭാവിയിൽ ബാക്കി കൂടെ കൂട്ടിച്ചേർക്കാനാവും.loading...