മലബാര്‍ നാട്ടുവഴികള്‍


ജാതിക്കോമരങ്ങൾ

Reporter: ശരണ്യ എം ചാരു

കരിവെള്ളൂരിലെ ജാതിക്കോമരങ്ങൾ, ഒന്നാം ഭാഗം.

 

നീണ്ട പോസ്റ്റ് ആണ്. ഒരു സീരീസ് ആയിട്ട് കരിവെള്ളൂരിലെ മാത്രം ജാതി മത പ്രശ്നത്തെ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്. വ്യത്യസ്ത ജാതിപ്പേരുകൾ പരസ്യമായി എഴുതി പോകേണ്ടി വരുന്നതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. 

കരിവെള്ളൂർ എന്നത് വിശാലമായ നാട്ടിൻപുറമാണ്. അമ്പലങ്ങൾ, കാവുകൾ, സ്ഥാനങ്ങൾ, ക്ഷേത്ര കുളങ്ങൾ, വയലുകൾ എന്നിവ കൊണ്ട് സമൃദ്ധമായ കാഴ്ചയിൽ മാത്രം മനോഹരമായൊരു നാട്. മലയാള മാസത്തിലെ മീന മാസത്തിൽ കാർത്തിക മുതൽ പൂരം വരെയുള്ള നാളുകൾ ഇന്നാട്ടിലെ ക്ഷേത്രങ്ങളെ സബന്ധിച്ചിടത്തോളം പൂരക്കാലമാണ്. ബാലികമാരായ പെൺ കുട്ടികൾ ക്ഷേത്രങ്ങളിൽ പൂക്കൾ ഇടും, പുരുഷന്മാർ മറത്തുകളി പൂരക്കളി തുടങ്ങിയ കളികളിൽ ഏർപ്പെടും. 

എന്റെ അച്ഛൻ മൂവാരി ജാതിക്കാരൻ ആണ്. ബ്രാഹ്മണ കുടുംബങ്ങളിലേക്ക് നേരിട്ട് കയറി ചെല്ലാൻ സാധിച്ചിരുന്ന ആളുകളാണ് ഞങ്ങൾ എന്നാണ് ആ ജാതിയെ കുറിച്ചവർ സ്വയം അഹങ്കരിച്ചിരുന്നത്. അമ്മ തീയ്യ സമുദായത്തിൽ ഉൾപ്പെട്ട സ്ത്രീ. അച്ഛന്റെ ജാതിയേക്കാൾ എത്രയോ താഴ്ന്ന ജാതിയാണ് അമ്മയുടെ ജാതിയെന്നാണ് അവർ പറയുന്നത്. നിയമപരമായി നോക്കിയാൽ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്ന ജാതികൾ ആണ് ഇപ്പോൾ ഇവ രണ്ടും. അച്ഛനും അമ്മയും തമ്മിൽ പ്രണയിച്ചു വിവാഹം കഴിക്കുന്നത് 1995 ൽ ആണ്. വിപ്ലവമായിരുന്നു അവരുടെ വിവാഹവും തുടർന്നുള്ള ജീവിതവുമെല്ലാം. വീട് വിലക്കിനെ സ്വന്തമായി വീടെടുത്തതിജീവിച്ചെങ്കിലും മൂവാരി ജാതിക്കാരുടെ ക്ഷേത്രത്തിൽ നിന്ന് അച്ഛൻ വർഷങ്ങളോളം വിലക്ക് നേരിട്ടു. പൂരത്തോട് അനുബന്ധിച്ചു നടക്കുന്ന പൂരക്കളിയിൽ നിന്ന് മാറ്റി നിർത്തുക, ക്ഷേത്ര പിരിവ് സ്വീകരിക്കാതിരിക്കുക, കൂട്ടായി സ്ഥാനം അച്ഛനിരിക്കെ അനിയന്മാർക്ക് നൽകുക മുതലായവ ആയിരുന്നു അവരുടെ കലാപരിപാടികൾ. ഇതിന് പുറമെ പീരിയ്ഡ്‌സ് ദിവസങ്ങളിൽ ക്ഷേത്രത്തിന് മുന്നിലൂടെ പോകരുതെന്ന നിയമമുള്ളത് കൊണ്ട് ആ വഴി ഉപയോഗിക്കാതെ വീടുകളോട് ചേർന്നുള്ള ഏതെങ്കിലും വഴിയിലൂടെ അമ്മ പോകുമ്പോൾ മുഖത്ത് നോക്കി നീ ഇത് വഴി പോകരുതെന്ന് പറയുക, അന്യ ജാതിക്കാരിയായ നിന്നെ രാത്രിയിൽ ക്ഷേത്രത്തിലെ ആൽ മരത്തിൽ നിന്ന് പ്രേതമിറങ്ങി വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയൊക്കെ പതിവായിരുന്നു. കറന്റ് പോലും ഇല്ലാത്ത ഒരു വീട്ടിൽ അച്ഛൻ വരാൻ വൈകിയാൽ ഒറ്റയ്ക്കായി പോകുന്ന ഒരു പത്തൊൻപതുകാരിയോടായിരുന്നു ഈ ക്രൂരതകളൊക്കെ. 

അവരതിനെ ഏതൊക്കെയോ തരത്തിൽ അതിജീവിച്ചു മുന്നോട്ട് ജീവിച്ചു. എന്നാൽ കുട്ടികളായിരുന്ന എന്നോടും അനിയത്തിയോടും ആ ജാതി കൂട്ടം കാണിച്ച വേർതിരിവിന് അതിരുകൾ ഇല്ലായിരുന്നു. പൂരത്തിന് പെൺകുട്ടികൾ അതായത് ഋതുമതിയാകാത്ത പെൺകുട്ടികൾ 9 ദിവസം വ്രതമെടുത്ത് മത്സ്യം മാംസം എന്നിവ ഒഴിവാക്കി വീടുകളിലും ഈ പറഞ്ഞ അച്ഛന്റെ സ്ഥാനത്തും പൂ ഇടുന്ന ചടങ്ങുണ്ട്. അതിൽ നിന്ന് ഞങ്ങളെ മാത്രം ഇവരങ്ങു മാറ്റി നിർത്തി. കൂടെ കളിക്കുന്ന ബാക്കി കുഞ്ഞുങ്ങൾ എല്ലാം അവിടെ പോയി പൂ ഇടുകയും അമ്പലത്തിനകം വരെ കയറുകയും ചെയ്യുമ്പോൾ ഞങ്ങൾ ക്ഷേത്രത്തിന് എത്രയോ ദൂരെ ഇത് നോക്കി നിന്ന് കൊല്ലാ കൊല്ലം കരഞ്ഞു... അതുണ്ടാക്കി മുറിവിന്റെ ആഴം വളരെ വലുതായത് കാരണം ഏഴാം ക്ലാസ് മുതൽ ഞാൻ ദൈവത്തിൽ വിശ്വാസിക്കാത്തവളായി.

ക്ഷേത്ര കുളത്തിൽ ഇറങ്ങുന്നതിൽ നിന്ന് ഞങ്ങളെ വിലക്കിയതായിരുന്നു മറ്റൊരു നോവ്, മറ്റ് കുഞ്ഞുങ്ങളും അവരുടെ അച്ഛൻന്മാരുമൊക്കെ കുളത്തിൽ നീന്തൽ പഠിക്കുമ്പോൾ ഞങ്ങൾ എപ്പോഴും അത് നോക്കി നിന്ന് കരയുകയും കുളത്തിൽ പോകാൻ വാശി പിടിക്കയും ചെയ്യും. കുറെ കരയുമ്പോൾ അമ്മ തല്ലിയും വഴക്ക് പറഞ്ഞും അടക്കി നിർത്തും. 

വർഷങ്ങളുടെ ഇടവേളയിൽ നാട്ടിലെ മറ്റ് പല ആളുകളും ജാതി മാറി വിവാഹം ചെയ്തതോടെ എല്ലാവരെയും മാറ്റി നിർത്തുക എന്നത് സാമ്പത്തികമായി നഷ്ടമാണെന്ന് മനസ്സിലാക്കിയ ക്ഷേത്ര കമ്മിറ്റി വളരെ നൈസ് ആയിട്ട് അച്ഛന്റെ പിരിവ് സ്വീകരിക്കാനും അച്ഛനെ വീണ്ടും ക്ഷേത്ര ചുമതലകൾ അതായത് ദേവസ്വ, ആഘോഷ, ഭക്ഷണ കമ്മിറ്റി ചുമതലകൾ ഏൽപ്പിച്ചു തുടങ്ങുകയും ചെയ്തു. കൂട്ടത്തിൽ ജാതി മാറി വിവാഹം ചെയ്തവരെ ഒഴിവാക്കാതെ നില നിർത്തുകയും ആകാലോ. അപ്പോഴും എന്നെയും അനിയത്തിയേയും അമ്മയേയും ജാതി മാറി വിവാഹം ചെയ്ത് വന്ന മറ്റ് സ്ത്രീകളെയും അവരിൽ ഉണ്ടായ കുട്ടികളെയും ക്ഷേത്രത്തിൽ നിന്ന് അകറ്റി തന്നെ നിർത്തി. ഞങ്ങളോട് കാണിച്ചതൊക്കെ പുതിയ കുട്ടികളോടും സമാനമായ രീതിയിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. ഏറ്റവും വലിയ വിരോധാഭാസമെന്തെന്നാൽ പാർട്ടി മെമ്പർമാരും ബ്രാഞ്ച് സെക്രട്ടറിമാർ പോലുമായിരുന്നവരുമാണ് ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ്റ്, സെക്രട്ടറി സ്ഥാനങ്ങളിലിരുന്ന് ഈ തെണ്ടിത്തരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നതാണ്.

ക്ഷേത്രത്തിനടുത്തുള്ള വീടുകളിലെ സ്ത്രീകളോടും പെൺകുട്ടികളോടും അവരുടെ പീരിയ്ഡ്‌സ് ദിവസങ്ങളിൽ മാറി നിൽക്കാൻ പറയുക, ക്ഷേത്രത്തിന് മുന്നിലൂടെ ഉള്ള വഴി ഉപയോഗിക്കാൻ പാടില്ല എന്ന് പറയുക ഒക്കെ ഇവിടത്തെ മറ്റൊരു തരം അഭ്യാസങ്ങൾ ആണ്. ഇതിന് നേതൃത്വം നൽകാൻ ഒരു കൂട്ടം കുല സ്ത്രീകൾ വേറെ തന്നെ ഉണ്ട്. ആകെക്കൂടി സഹികെട്ട് നാട്ടിലെ ചേട്ടൻ വിവാഹം ചെയ്ത് അവിടെ വന്ന ചേച്ചി മാസങ്ങൾക്ക് ഉള്ളിൽ ആ നാട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറി, വല്ലപ്പോഴും അങ്ങോട്ട് വരുന്ന വിരുന്നുകാരിയായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അപ്പോഴും അവരുടെ രണ്ട് പെൺകുഞ്ഞുങ്ങളെയും അവർ പൂരം നാളുകളിൽ അങ്ങോട്ട് കൊണ്ട് വന്നതെ ഇല്ല. വന്നാൽ ആ കുഞ്ഞുങ്ങൾ മാറി നിൽക്കേണ്ടി വരികയും കരഞ്ഞുകൊണ്ട് തിരികെ പോകേണ്ടി വരികയും ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. 

ഏറ്റവും അവസാനം ഒരു വർഷം മുൻപ് ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലത്തിന് മതില് കെട്ടാൻ എന്ന പേരിൽ എന്റെ വീട്ടിലേക്കുന്ന വഴി മതിൽ കെട്ടി അടക്കുകയും, എനിക്ക് എന്റെ വാഹനം വീട്ടിലേക്ക് കയറ്റാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വരെ കാര്യങ്ങൾ നീങ്ങി. ഗതികെട്ട് നിയമപരമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് പോലും ആലോചിക്കേണ്ട അവസ്ഥ വന്നു. എന്നാൽ വീട്ടുകാരുടെ ശക്തമായ ഇടപെടൽ കൊണ്ട് ആ നീക്കം ക്ഷേത്രക്കമ്മറ്റിക്ക് ഉപേക്ഷിക്കേണ്ടി വന്നു. 

രണ്ട് വർഷം മുന്നേ അച്ഛന്റെ മൂത്ത ചേട്ടൻ മരണപ്പെട്ടപ്പോൾ അദ്ദേഹവും മക്കളും കൃത്യമായി ക്ഷേത്രത്തിൽ വരുന്നവരും, പിരിവ് നൽകുന്നവരും, കൂട്ടായി സ്ഥാനം ഒക്കെ ഏറ്റെടുത്തവരുമായിരുന്നിട്ട് പോലും ആ നാട്ടിൽ അല്ല ഇപ്പോൽ ജീവിക്കുന്നത് എന്നും നിലവിലെ വീട് മറ്റൊരിടത്താണെന്നും പറഞ്ഞു ശരീരം ക്ഷേത്രം വക സമുദായ ശ്മശാനത്തിൽ അടക്കം ചെയ്യാൻ സമ്മതിച്ചില്ല ഇതേ ക്ഷേത്രക്കമ്മിറ്റിക്കാർ. ഒടുക്കം മരിച്ചാൽ പിന്നെ എവിടെ അടക്കിയാൽ എന്താണെന്ന് പറഞ്ഞ് കിലോമീറ്ററുകൾ ദൂരെയുള്ള പൊതു ശ്മശാനത്തിൽ അദ്ദേഹത്തെ അടക്കം ചെയ്തു. അതോടെ അദ്ദേഹത്തിന്റെ മക്കൾ ക്ഷേത്രവുമായി അകന്നു. 

തീർന്നില്ല. കോമഡി ആയിട്ടുള്ള ഒരു വിഷയം എന്താണെന്ന് വച്ചാൽ, 95 ന് ശേഷം അന്നാട്ടിൽ പല പുരുഷന്മാരും മറ്റ് ജാതിയിൽ പെട്ട സ്ത്രീകളെ വിവാഹം ചെയ്തത് കൊണ്ട് വന്നത് പോലെ തന്നെ സ്ത്രീകളിൽ പലരും മറ്റ് ജാതിയിൽ പെട്ട പുരുഷന്മാരെയും വിവാഹം ചെയ്തിട്ടുണ്ട്. അതിൽ തീയ്യ, പുലയ, മണിയാണി തുടങ്ങി മുവാരികളെക്കാൾ താഴെയാണെന്ന് അവർ അവകാശപ്പെടുന്ന ഒട്ടനവധി ജാതിക്കാർ ഉണ്ട്. പുരുഷന്മാർ വിവാഹം ചെയ്ത് കൊണ്ട് വന്ന സ്ത്രീകളിൽ ഉണ്ടാകുന്ന കുട്ടികളെ ക്ഷേത്രത്തിൽ വിലക്കുന്ന ഇതേ കമ്മിറ്റിക്കാർ പക്ഷെ അവരുടെ ജാതിയിൽ പെടുന്ന സ്ത്രീകൾ ജാതി മാറി വിവാഹം ചെയ്ത ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികളെ ക്ഷേത്രത്തിൽ വിലക്കില്ല. അത്തരം ബന്ധങ്ങളിൽ ഉണ്ടാകുന്നത് ആൺകുട്ടികൾ ആണെങ്കിൽ അവർ ചെറുപ്പം മുതൽ പൂരക്കളിയിൽ പങ്കു ചേരുകയും, പെൺ കുട്ടികൾ ആണെങ്കിൽ ക്ഷേത്രത്തിൽ പൂ ഇടുകയും ചെയ്യും.   

ആണും പെണ്ണും വിചാരിച്ചാലെ കുട്ടികൾ ഉണ്ടാകൂ എന്ന് അവരോട് പറയമെന്നൊക്കെ ഉണ്ടായിരുന്നെങ്കിലും അവരോടൊക്കെ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നോർത്തു മിണ്ടാതിരുന്നു.

 


ഇന്നും കരിവെള്ളൂർ പാലത്തര ശ്രീ നീലംകൈ ഭഗവതി ക്ഷേത്രത്തിൽ വളരെ കൃത്യമായി ജാതീയമായ ഭ്രഷ്ട്ട് നിലനിന്നു പോരുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും അവിടത്തുകാരെ വിവാഹം ചെയ്ത് അന്നാട്ടിൽ ജീവിക്കുന്ന പുരുഷന്മാരെയും ഈ 21 ആം നൂറ്റാണ്ടിലും പരസ്യമായി ജാതിയുടെ പേരിൽ മാറ്റി നിർത്തുന്ന ഒരു ക്ഷേത്രമാണത്. ഏത് വിശ്വാസത്തിന്റെയും കർമ്മത്തിന്റെയും പേര് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാലും ഇതൊരു ക്രൈം ആണ്. ഭരണഘടനാ വിരുദ്ധമാണ്. ഉറപ്പായും ഇത് ചെയ്യുന്ന ആളുകൾ നിയമപരമായ ഏത് ശിക്ഷയും അർഹിക്കുന്നവരാണ്. കുഞ്ഞു കുട്ടികളെ പോലും പടിക്ക് പുറത്ത് നിർത്തിയിട്ട് ഏത് ദൈവങ്ങൾക്കാണ് നിങ്ങൾ ഈ പൂജ ചെയ്യുന്നത്. അവരുടെ കണ്ണീര് കാണാത്ത, സങ്കടം കേൾക്കാത്ത ഏത് ശക്തിയെ ആണ് നിങ്ങൾ ആരാധിക്കുന്നതും വിളക്ക് വച്ചു പൂജിക്കുന്നതും ?

തുടരും......

ശരണ്യ എം ചാരു കരിവെള്ളൂർ



loading...