വിവരണം സഞ്ചാരം


ഒരു ദുബായ് ടൂർ

Reporter: / Writer: ഉദയന്‍ പെരിയാട്ട്

ദുബായ് കാണുക എന്നത് കുറച്ച് നാളായുള്ള ആഗ്രഹമായിരുന്നു.

ആദ്യ വിദേശ ടൂർ തായ്ലന്റിലേക്കായിരുന്നു. പക്ഷേ അത്ര എളുപ്പം ടൂറടിച്ച് വരാവുന്ന ഒരിടമല്ല ദുബായ് എന്ന് അതു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. കൈയ്യിൽ ഒരു പാട് പണം വേണം, ഒന്ന് - ഒന്നര മാസമെങ്കിലും താമസിക്കണം. അവിടെയുള്ള സുഹൃത്തുക്കളിൽ ചിലർ വിളിച്ചു , ചിലർ നേരിട്ടു കാണാൻ വന്നു, ചിലർ കൂടെയുണ്ടായി ,എല്ലാ തിരക്കുകളും മാറ്റിവച്ചു കൊണ്ട്.  ആർക്കും ഒന്നിനും നേരമില്ലാത്ത നാട്ടിൽ ഞങ്ങളുടെ കൂടെ സമയം ചിലവഴിക്കാനും മാത്രം കൂട്ടുകാർ സമയം കണ്ടെത്തുന്നുണ്ടെന്നതറിയുമ്പോൾ കേൾക്കുന്നവർക്ക് അവിശ്വസനീയതയാണ്. ശരിയാണ് ഞാൻ ദുബയിലെത്തിയതറിഞ്ഞിട്ട് ഒന്ന് കാണാൻ വരുമെന്ന്  പ്രതീക്ഷിച്ചിരുന്ന ചില മുഖങ്ങളുണ്ടായിരുന്നു . എന്തെങ്കിലും കൊടുക്കേണ്ടിവരുമോന്ന് കരുതീട്ടാണോന്നറിയില്ല; ഒന്നു വിളിക്കുക പോലുമുണ്ടായില്ല , അവരൊന്നും . എങ്കിലും ദുബായ് നഗരത്തിലെ രാത്രിയാത്രക്കിടയിലെ വഴിയിലെവിടെയെങ്കിലും കാത്തു നിൽക്കണമെന്ന് പറഞ്ഞ് , പാതിരാത്രിയിൽ കാണാൻ വരികയും പൈസ കൈയ്യിലുണ്ടോ, വല്ലതും വേണോ ഉദയേട്ടാ എന്ന് ചോദിക്കുകയും ചെയ്ത കിരണിന്റെയൊക്കെ സ്നേഹ മനസ്സിന്റെ വലുപ്പം അളക്കാൻ കഴിയാതെ പോകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.   ഡിസേർട് സഫാരിക്ക് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്കൊരുമിച്ച് പോകാമെന്ന് പറഞ്ഞ്, ഞങ്ങളെത്തുമ്പോഴേക്കും വണ്ടിയൊക്കെ റെഡിയാക്കി കാത്തിരുന്ന പവിത്രനും ദിനേശനും ഷൈജുവും, രതീഷും ശിവപ്രസാദുമൊക്കെ കൂടെ നിന്ന് ദുബായ് കാഴ്ചകളൊക്കെ കൊണ്ടു നടന്ന് കാണിച്ചു തന്നതും , ഞങ്ങളുടെ കൈയ്യിൽ നിന്ന് ഒന്നും ചെലവഴിക്കാതെ തന്നെ ഭക്ഷണവും മദ്യവും നൃത്തവുമൊക്കെയായി അവിസ്മരണീയ  യാത്രാനുഭവം സമ്മാനിച്ചതും  നന്ദി വാക്കിലൊതുക്കാവുന്നതല്ല .


ഞങ്ങൾ ആദ്യ ദിനം പോയത് മരുഭൂമിയിലെ കാർ സഫാരി ക്കാണ് .

കാർ ഡ്രൈവറായി യാദൃശ്ചികമായി കൂടെ വന്നത്  ഞങ്ങളുടെ നാട്ടുകാരനായ രതീഷ് ആണെന്നത് അത്ഭുതപ്പെടുത്തി. എന്റെ കൂടെ ദുബായിലേക്ക് വന്ന രമേശന്റെ അയൽവാസിയാണ് വൈരജാതൻ കോട്ടത്തെ കാരണവർ തോട്ടോൻ കൃഷ്ണൻ എന്നവരുടെ മകൻ രതീഷ് . പ്രത്യേക ലൈസൻസ് ആവശ്യമുള്ള സാഹസിക യാത്രയായ ഡിസേർട്ട് സഫാരിയിൽ ഡ്രൈവറായി രതീഷൊക്കെയുണ്ടെന്നതിൽ അഭിമാനം തോന്നി. നാലു ടയറുകളിലേയും കാറ്റ് കുറേ അഴിച്ച് വിട്ട ശേഷമാണ് വാഹനം പുറപെടുന്നത് . വെള്ളം തെറിപ്പിക്കുന്നത് പോലെ മണൽ ഇരുവത്തേക്കും തെറിപ്പിച്ചു കൊണ്ട് ചീറിപ്പായുന്ന വണ്ടി പെട്ടെന്ന് വലിയ താഴ്ചയിലേക്കു പതിക്കുമ്പോൾ ഉള്ളൊന്നു കിടുങ്ങും.  തലകീഴായി മറിഞ്ഞു പോകും എന്ന് വരെ തോന്നിപോകുന്ന യാത്ര അത്യധികം ആവേശഭരിതമാണ്. അതു കഴിഞ്ഞ് ബെല്ലി ഡാൻസ് എന്ന കലാ പരിപാടിയും ഡിന്നറും ആസ്വദിക്കാം.


o ------------ o ---------------- o

രണ്ടാം ദിവസം ഞങ്ങളുടെ പ്രോഗ്രാം ദുബായ് നഗരം കാണുക എന്നതായിരുന്നു. 

ആദ്യം ഞങ്ങൾ പോയത് ദുബായ് ഫ്രെയിം കാണാനാണ് . ചരിത്രങ്ങൾ ജീവൻ തുടിക്കുന്ന കഥ പറയുന്ന ഇടനാഴിയിലൂടെ സഞ്ചരിച്ച് ഏറ്റവും മുകളിലെത്തിയാൽ , നമുക്ക് ഗ്ലാസ്സ് ഫ്ളോറിലൂടെ നടക്കാം. താഴോട്ട് നോക്കിയാൽ പൊട്ടു പോലെ ആൾക്കാർ നടക്കുന്നതും വണ്ടികൾ നീങ്ങുന്നതും കണ്ടാൽ ഉള്ളൊന്നു കാളും . ഒരു വശത്തേക്ക് നോക്കിയിൽ പഴയ ദുബായിയും മറ്റൊരു വശം പുതിയ ദുബായിയും കാണാം. പിന്നെ ഭാവിയിലെ ദുബായി എങ്ങനെയായിരിക്കുമെന്ന് സ്ക്രീനിൽ കാണിച്ചു തരും. ബുർജ്ജ് അൽ അറബ് ഹോട്ടലും പിന്നീട് ഭരണാധികാരിയുടെ കൊട്ടാരവും പനയുടെ ആകൃതിയിലുണ്ടാക്കിയെടുത്ത പാം അയലന്റും പാം ജുമേര ബീച്ചും അങ്ങനെയങ്ങനെ ലോകോത്തരങ്ങളായ പലതും കണ്ട് ദുബായ് മാളും അക്വേറിയവും വാട്ടർ ഡാൻസും കണ്ട് രാത്രി ഒമ്പത് മണിയോടെ ഞങ്ങൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്ജ് ഖലീഫായിലേക്ക് കയറി.

o -------------o------------ o

മൂന്നാം ദിവസം ദുബായ്രാജ്യം അഭിമാന പുരസരം ആതിഥ്യമരുളിയ WORLD EXPO2020 കാണുക എന്നതായിരുന്നു.

180ലധികം രാജ്യങ്ങളുടെ പവലിയനുമായി തലയുയർത്തിനിൽക്കുന്ന എക്സ്പോ നഗരിയിലേക്ക് കയറാൻ കഴിഞ്ഞതു തന്നെ ഒരു ഭാഗ്യമായി കരുതുന്നു. മൊബിലിറ്റി പവലിയനും , ജർമ്മനി, ഇന്ത്യ, മൊറോക്കോ, സൗദി . എന്നീ രാജ്യങ്ങളുടെ പവലിയനും കണ്ടു. മുഴുവനും കാണാൻ മാസങ്ങൾ വേണ്ടിവരുമെന്ന് തോന്നി. പിന്നീട് ദോ ക്രൂയിസ് കായൽ സവാരിയും ഡിന്നറുമായിരുന്നു. 

o ------------ o --------------- o

നാലാം ദിവസം മിറാക്കിൾ ഗാർഡൻ എന്ന അതി സുന്ദരമായ പൂന്തോട്ട സന്ദർശനമായിരുന്നു.

എന്തുകൊണ്ടോ ഊട്ടി ഫ്ലവർ ഷോയുടെ അത്രയും മനോഹാരിത എനിക്കിവിടെ അനുഭവപെട്ടില്ല. തണുത്ത കാറ്റും പനിയുടെ ലാഞ്ജനയുമുണ്ടായിരുന്നത് മടുപ്പുളവാക്കി. പിന്നീട് പോകേണ്ടിയിരുന്നത് ഗ്ലോബൽ വില്ലേജിലേക്കായിരുന്നു. പക്ഷേ അതിയായ പൊടിക്കാറ്റു കാരണം അവിടം അടച്ചുപൂട്ടിയിരുന്നു. പിന്നീട് ഞങ്ങൾ പവിത്രനേയും കൂട്ടി ഷാർജയിൽ പോയി പ്രിയ സുഹൃത്ത് സത്യനേയും ഫാമിലിയേയും കണ്ട് ആതിഥ്യവും സ്വീകരിച്ച് അവന്റെ കാറുമെടുത്ത് , പണക്കൊഴുപ്പിന്റെ പളപളപ്പുകൾക്കപ്പുറമുള്ളദുബായ് കാണാനിറങ്ങി ; നേരം പുലരുവോളം .
o -------------- o --------------- o

അഞ്ചാം ദിവസം ഷോപ്പിംഗിനുള്ളതായിരുന്നു.

ദുബായ് കാണാനുള്ള പൂതി കൊണ്ട് എങ്ങനെയൊക്കെയോ ഒപ്പിച്ചെടുത്ത കാശുമായി ടൂറിന് പോയവൻ, 2000 രൂപക്ക് 100 ദിർഹം കിട്ടുന്ന നാട്ടിൽ ചെന്ന് എന്ത് ഷോപ്പിംഗ് നടത്താൻ . എങ്കിലും കുറച്ച് മിഠായികളൊക്കെ വാങ്ങിച്ചു . അത്ര തന്നെ. അപ്പോഴും ചങ്കുകൾക്ക് കുപ്പി വാങ്ങാനുള്ള പണം വേറെ തന്നെ കരുതി വച്ചു.
രാത്രിയിൽ നാട്ടിലേക്ക് മടങ്ങി.



loading...